സാധ്വിയ്ക്ക് ഫേസ്ബുക്കില്‍ ബീഫ് വിഭവങ്ങളയച്ച് മലയാളികള്‍

പശുവിനെ കൊല്ലുന്നവരെ വാളുകൊണ്ട് വെട്ടണമെന്ന് പ്രഖ്യാപിച്ച വിശ്വഹിന്ദു പരിഷത്‌ വനിതാ നേതാവ് സ്വാധി സരസ്വതിയുടെ പേജില്‍ ബീഫ് വിഭവങ്ങള്‍ നിറച്ച് മലയാളികള്‍. പശുവിനെ കൊല്ലുന്നവർക്ക്‌ ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല. കേരളത്തിൽ പശുവിനെ കൊല്ലുന്നവരെയും വാളുകൊണ്ട് വെട്ടാൻ തയ്യാറാവണമെന്ന് കാസർകോട് ബദിയടുക്കയിൽ നടന്ന വിരാറ്റ് ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സാത്വി പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം നടക്കുന്നത്. സാത്വിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് കമന്‍റായി ബീഫും ബീഫ് വിഭങ്ങളും നിറച്ചാണ് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബീഫ് കഴിക്കുന്ന ബിജെപി നേതാക്കളുടേതെന്ന പേരില്‍ എം ടി രമേശിന്‍റെയും കെ സുരേന്ദ്രന്‍റെയും ഫോട്ടോകളടക്കമാണ് കമന്‍റുകള്‍. '' ഒരു ബീഫ് ഫെസ്റ്റ് നടത്താൻ വന്നതാ.....അപ്പോഴേക്കും എല്ലാവന്മാരും ഇവിടെ ഹോട്ടൽ തുടങ്ങി...'' എന്ന കമന്‍റുമുതല്‍ എങ്ങനെയെല്ലാം രുചികരമായ ബീഫ് വിഭവങ്ങള്‍ ഉണ്ടാക്കാം എന്നതടക്കമുളള റെസിപ്പികളും കമന്‍റിലുണ്ട്. ബീഫ് വിഭവങ്ങളുടെ ചിത്രങ്ങളാണ് ഇതില്‍ പ്രധാനം. നിരവധി കമന്‍റുകളാണ് ഓരോ പോസ്റ്റിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. 

പശുവിനെ കൊല്ലുന്നവർക്ക്‌ ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല. കേരളത്തിൽ പശുവിനെ കൊല്ലുന്നവരെയും വെട്ടാൻ തയ്യാറാവണം. ഇന്ത്യയിൽ താമസിക്കണമെങ്കിൽ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയിൽ എന്നല്ല ഇന്ത്യയിൽ ഒരിടത്തും ബാബറിന്റെ പേരിൽ പള്ളി നിർമ്മിക്കാൻ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാൻ ആവില്ല. ഞാൻമുസ്ലീമിന് എതിരല്ല, എ.പി.ജെ അബ്ദുൽ കലാമിനെയും റഹിമിനെയും ബഹു മാനിക്കുന്നവളാണ്. ഹിന്ദു ആഘോഷത്തിൽ ഒരു മുസ്ലിമുംപങ്കെടുക്കുന്നില്ല. എന്നാൽ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കൾ പങ്കെടുക്കുന്നു. ഇത്‌ നാണക്കേടാണെന്നുമാണ് സ്വാധി സരസ്വതിയുടെ പ്രസംഗത്തിലെ പരാമര്‍‌ശം.