അഗസ്റ്റാ വെസ്റ്റ്‍ലാൻഡ് കേസിൽ ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോൺഗ്രസ് ലീഗൽ സെൽ അംഗവും അഭിഭാഷകനുമായ അലിജോ ജോസഫിനെ യൂത്ത് കോൺഗ്രസില്‍ നിന്ന് പുറത്താക്കി. എഐസിസി ജോയന്‍റ് സെക്രട്ടറിയാണ് അലിജോ ജോസഫിനെ പുറത്താക്കിയതായി അറിയിച്ചത്.
ദില്ലി: അഗസ്റ്റാ വെസ്റ്റ്‍ലാൻഡ് കേസിൽ ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോൺഗ്രസ് ലീഗൽ സെൽ അംഗവും അഭിഭാഷകനുമായ അലിജോ ജോസഫിനെ യൂത്ത് കോൺഗ്രസില്‍ നിന്ന് പുറത്താക്കി. സുപ്രീംകോടതിയിൽ ഹാജരാകുന്നതിന് മുമ്പ് അലിജോ ജോസഫ് കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബരിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് പാർട്ടി നടപടി.
യൂത്ത് കോൺഗ്രസിനോട് ആലോചിക്കാതെ, വ്യക്തിപരമായാണ് അലിജോ മിഷേലിന് വേണ്ടി ഹാജരായതെന്ന് എഐസിസി ജോയന്‍റ് സെക്രട്ടറി കൃഷ്ണ അല്ലവരു വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഹെലികോപ്റ്റർ വാങ്ങാനുള്ള ഇടപാടിൽ സോണിയാ ഗാന്ധിയുടെ കുടുംബവും കോഴ കൈപ്പറ്റിയെന്നാണ് ബിജെപിയുടെ ആരോപണം. അഗസ്റ്റ വെസ്റ്റ്‍ലാൻഡ് ഇടപാടിലെ ഇടനിലക്കാരനായിരുന്നു ക്രിസ്ത്യൻ മിഷേൽ.
ക്രിസ്ത്യൻ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്നലെ രാത്രിയാണ് ദുബായില്‍ നിന്ന് ക്രിസ്ത്യന്‍ മിഷേലിനെ ദില്ലിയില്‍ എത്തിച്ചത്. ദുബായില്‍ വച്ച് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു. ദില്ലി സിബിഐ കോടതിയാണ് ക്രിസ്ത്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.
