വിമാനത്താവളത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു സൈനികന്‍
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില് റിക്ഷാ ഡ്രൈവര്മാര് തട്ടിക്കൊണ്ടുപോയ മലയാളി സൈനികനെ വിട്ടയച്ചു. ബാഗും മൊബൈല് ഫോണുകളും ഇവര് തട്ടിയെടുത്തു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഷാനു ഗോപാലാണ് ഓട്ടോറിക്ഷാ ഡ്രൈവര്മാരുടെ തടവില്നിന്ന് രക്ഷപ്പെട്ടത്. മദ്രാസ് റെജിമെന്റിലെ സൈനികനായ ഷാനു, ജോലി സ്ഥലമായ അരുണാചല് പ്രദേശിലെ ചൗക്കാമിലേക്ക് പോകാനാണ് ഗുവാഹത്തിയില് വിമാനമിറങ്ങിയത്.
വിമാനത്താവളത്തില്നിന്ന് റെയില്വേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിലാണ് പോയത്. ഇതിലെ ഡ്രൈവറും കൂട്ടാളികളുമാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഷാനുവിനെ തട്ടിക്കൊണ്ടുപോയത്. മോചിപ്പിക്കണമെങ്കില് 10000 രൂപ വേണമെന്നായിരുന്നു ആവശ്യം. ബാങ്ക് അക്കൗണ്ടില് ഇത്രയും തുക ഇല്ലാതിരുന്നതിനാല് പണം ഇടണമെന്ന് ഷാനു വിളിച്ചുപറഞ്ഞതോടെയാണ് വീട്ടുകാര് വിവരം അറിയുന്നത്.
പണം തയ്യാറാക്കിയശേഷം ഷാനുവിനെ തിരിച്ച് വിളിച്ചെങ്കിലും ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഹരിപ്പാട് പൊലീസിനും സൈനിക മേധാവികള്ക്കും പരാതി നല്കി. ഇതിനിടെയാണ് ഇന്ന് ഉച്ചക്ക് 1 മണിയോടെ ഷാനുവിന്റെ ഫോണ് വിളി എത്തുന്നത്. തട്ടിക്കൊണ്ടുപോയവരെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് അസമിലെ ലതാസില് പൊലീസ് ഹരിപ്പാട് പൊലീസിനെ അറിയിച്ചു.
