മസ്ക്കറ്റ്: ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യന്‍റെ മൃതദേഹമാണ് മത്രയിലെ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടത്തെിയത്. കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒമാന്‍ ഫ്ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്‍റാണ് സത്യന്‍. 50 വയസായിരുന്നു. 

ജോലിയുടെ ഭാഗമായി സാധാരണ ഇരുപതിനായിരത്തോളം റിയാല്‍ കൈവശമുണ്ടാകാറുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഉച്ചക്ക് 12 മണിക്ക് സത്യന്‍ ജോലി കഴിഞ്ഞ് എത്താറുണ്ട്. ഒരു മണിയോടെയാണ് കൊലപാതകം സംഭവിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞത്തെിയ മലയാളിയാണ് മൃതദേഹം കണ്ടത്തെിയത്. ആഴ്ചകള്‍ക്ക് മുന്‍പ് ഒമാനിലെ ഇബ്രിയിലും പെട്രോള്‍ പമ്പ് ജീവനക്കാരനായ മലയാളിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.