മലയാളി യുവതിയെ മെൽബണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം പൊൻകുന്നം സ്വദേശി സോഫ്‍ട് വെയർ എഞ്ചിനീയർ മോനിഷാ അരുണിനെയാണ് ഫ്ലാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓസ്ട്രേലിയൻ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
രണ്ട് വർഷം മുൻപായിരുന്നു അരുണും മോനിഷയുമായുള്ള വിവാഹം.മെൽബണിൽ നഴ്സായിരുന്ന അരുണിനൊപ്പം വിവാഹശേഷം മോനിഷ ഓസ്ട്രേലിയയിലേക്ക് താമസം മാറ്റി. ഓസ്ട്രേലിയയിൽ തന്നെ ജോലി തരപ്പെടുത്താനായുള്ള ശ്രമത്തിനിടയിലാണ് ദുരൂഹ സാഹചര്യത്തിൽ മോനിഷയുടെ മരണം . ഭർത്താവ് ജോലി കഴിഞ്ഞു വന്നപ്പോഴാണ് കിടപ്പുമുറിയിൽ മോനിഷയെ മരിച്ച നിലയിൽ കണ്ടത്.
ഉടൻ സുഹൃത്തുക്കളെ വിവരമറിയിക്കുകയും പേലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആറ് മാസം മുൻപ് മോനിഷയും അരുണും നാട്ടിൽ വന്ന് മടങ്ങിയിരുന്നു. ഒരു രോഗവും ഇല്ലാതിരുന്ന മകൾ എങ്ങനെ മരിച്ചുവെന്നറിയാത്ത ഞെട്ടലിലാണ് മോനിഷയുടെ അമ്മയും ബന്ധുക്കളും. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് മോനിഷയുടെ മരണവിവരം നാട്ടിൽ അറിയുന്നത്. മോനിഷ അപകടത്തിൽ മരിച്ചുവെന്നാണ് സുഹൃത്തുക്കൾ ആദ്യം വിളിച്ചറിയിച്ചത്. പിന്നീടാണ് കട്ടിലിൽ മരിച്ചു കിടന്നതാണെന്ന് അറിയുന്നത്.
അരുണിന്റെ മെൽബണിൽ തന്നെയുള്ള ബന്ധുക്കളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഓസ്ട്രേലിയൻ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലെ മരണകാരണം വ്യക്തമാകൂ.
