മസ്കറ്റില്‍ നിന്നും ഏത്തിയ പോലീസ് സര്‍ജന്റെ നേതൃത്തിലാണ് ചിക്കു റോബര്‍ട്ടിന്‍റെ മൃതദേഹം പോസ്റ്മോര്ട്ടം ചെയ്തത്. മൃതദേഹമിപ്പോള്‍ സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരികയുള്ളു. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സദെയിലെ സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയ ഭര്‍ത്താവ് ലിന്‍സന്‍ നാലാം ദിവസവും പോലീസ് കസ്റ്റഡിയില്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി കൌണ്‍സിലര്‍ മന്‍പ്രീത് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള മുറികളില്‍ താമസിക്കുന്നവരില്‍ നിന്നും ഫ്ലാറ്റിനു താഴെയുള്ള കടക്കാരനില്‍ നിന്നുമെല്ലാം പോലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ലിന്‍സണ്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെയാണ് പോലീസിപ്പോള്‍ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച രാത്രിയിലാണ് ചിക്കു റോബര്‍ട്ട് കുത്തേറ്റു മരിച്ചത്.