ശനിയാഴ്ച രാവിലെ ഹോസ്റ്റല്‍ മുറി തുറന്നുകാണാഞ്ഞതിനാല്‍ സുഹൃത്തുക്കള്‍ വാര്‍ഡനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡനെത്തി മുറി തുറന്നപ്പോഴാണ് ഷഹലിനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

ചെന്നൈ: മദ്രാസ് ഐഐടിയില്‍ അവസാനവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ലെന്ന് പൊലീസ്. ശനിയാഴ്ചയാണ് മലപ്പുറം സ്വദേശി ഷഹല്‍ കോര്‍മാത്തിനെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഓഷ്യന്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇരുപത്തിമൂന്നുകാരനായ ഷഹല്‍. ക്ലാസില്‍ ഹാജര്‍നില കുറവാണെന്ന് നേരത്തേ കോളേജ് അധികൃതര്‍ ഷഹലിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഹാജര്‍നില കുറവായതിനാല്‍ അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന സൂചനയുമുണ്ടായിരുന്നു. ഈ ഭയം മൂലമാണ് ഷഹല്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും മറ്റ് അസ്വാഭാവികതകള്‍ ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് അറിയിച്ചു. 

ശനിയാഴ്ച രാവിലെ ഹോസ്റ്റല്‍ മുറി തുറന്നുകാണാഞ്ഞതിനാല്‍ സുഹൃത്തുക്കള്‍ വാര്‍ഡനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡനെത്തി മുറി തുറന്നപ്പോഴാണ് ഷഹലിനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹലിന്റെ മരണത്തില്‍ കോളേജ് ദുഖം രേഖപ്പെടുത്തി. അന്വേഷണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സഹകരിക്കുമെന്നും കോളേദജ് വ്യക്തമാക്കിയിട്ടുണ്ട്.