Asianet News MalayalamAsianet News Malayalam

ശബരിമല ഞങ്ങള്‍ക്ക് തിരികെ വേണം; മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്

ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. അയ്യപ്പന്‍ മലയരനായിരുന്നുവെന്നും  അയ്യപ്പന്‍റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ കവര്‍ന്നെടുക്കുകയായിരുന്നുവെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

Malayaraya mahasabha to Supreme Court for ownership of Sabarimala
Author
Trivandrum, First Published Oct 23, 2018, 7:37 PM IST

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. അയ്യപ്പന്‍ മലയരനായിരുന്നുവെന്നും  അയ്യപ്പന്‍റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ചരിത്രത്തെ തമസ്‍കരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചോള സൈനികര്‍ക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്നു അയ്യപ്പന്‍. ഏകദേശം ഒരു നൂറ്റാണ്ടോളമുള്ള കേരളത്തിലെ ചോളസാനിധ്യത്തിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. പോരാളിയായ ആ അയ്യപ്പന്‍റെ സമാധി സ്ഥലമാണ് ശബരിമല. എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധിദിവസം അയ്യപ്പന്‍ മാതാപിതാക്കള്‍ക്കു കൊടുത്ത വാക്ക്. അതിന്‍റെ ഓര്‍മ്മയിലാണ് മലയരയര്‍ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും ഞങ്ങളെ ആട്ടിയോടിച്ചു. അയ്യപ്പന്‍റെ അച്ഛനെയും അമ്മയേയും ആട്ടിയോടിച്ചു. വളര്‍ത്തച്ഛനായ പന്തള രാജാവിനെപ്പറ്റി പറയുന്നവര്‍ എന്തു കൊണ്ട് അയ്യപ്പന് ജന്മം നല്‍കിയവരെക്കുറിച്ച് മിണ്ടുന്നുപോലുമില്ലെന്ന് പി കെ സജീവ് ചോദിക്കുന്നു.

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ ചാനല്‍ ചര്‍ച്ചയിലും പി കെ സജീവ് വ്യക്തമാക്കിയിരുന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു.  ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്.  ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു. മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറയുന്നു.

ശബരിമലയില്‍ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണുന്നില്ല. മലയരയ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നു ശബരി. സമുദായത്തില്‍പ്പെട്ട യുവതികള്‍ നിലവില്‍ ശബരിമലയില്‍ പോകാറില്ല. ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ല. കാരണം ഒരു പരിഷ്‍കൃത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും പി കെ സജീവ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios