പൊള്ളലേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂര്‍: വേനലടുക്കുന്നതോടെ ചൂട് കൂട് വരുന്നതിനിടയില്‍ കണ്ണൂർ ചാവശേരിയിൽ ഒരാൾക്ക് സൂര്യാഘാതമേറ്റു . ചാവശേരി സ്വദേശി രാമനാണ് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റ ഇയാളെ മട്ടന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ദിവസങ്ങള്‍ക്ക് മുമ്പ് നീലേശ്വരത്ത് പുഴയില്‍ ചൂണ്ടയിടാന്‍ പോയ മത്സ്യത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റിരുന്നു. നീലേശ്വരം തൈക്കടപ്പുറം അഴിത്തല പാറയില്‍ ഹൗസിലെ പി.ഷാജനാണ് (40) കഴുത്തില്‍ പൊള്ളലേറ്റ് കുമിള വന്നത്. കടലില്‍ പോകുന്നതിന് നിയന്ത്രണമുള്ളതിനാൽ പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോയതായിരുന്നു മല്‍സ്യത്തൊഴിലാളിയായ ഷാജന്‍.

അതേസമയം പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. 

ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകീട്ട് 3ന് ആരംഭിക്കുകയും ചെയ്യും.