മൂന്ന് ആഴ്ച പ്രായമായ കുഞ്ഞിനെ ഞരമ്പുകള്‍ മുറിച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു

ഷിലോംഗ്: മറ്റൊരാളില്‍ തന്‍റെ മുന്‍ഭാര്യയ്ക്ക് ജനിച്ച കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മൂന്ന് ആഴ്ച മാത്രം പ്രായമായ കുഞ്ഞിനെ ചൊവ്വാഴ്ചയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മേഘാലയയിലാണ് സംഭവം. ഞരമ്പുകള്‍ മുറിച്ച ശേഷം ബക്കറ്റിലെ വെളളത്തില്‍ മുക്കിയാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 2.30 ഓടെ ഷിലോംഗിലുള്ള യുവതിയുടെ വീട്ടിലേക്ക് മുഖംമൂടി ധരിച്ചെത്തിയ യുവാവ് കുഞ്ഞിനെ അമ്മയില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു. 

കരച്ചില്‍ കേട്ട് എഴുന്നേറ്റ് വന്ന കുഞ്ഞിന്‍റെ മുത്തശ്ശി രക്തമൊലിക്കുന്ന മുഖവുമായി മുറിയിലെ നിലത്ത് വീണു കിടക്കുന്ന മകളെയാണ് കണ്ടത്. പ്രസവത്തെ തുടര്‍ന്ന് ശാരീരിക വിഷമതകള്‍ നേരിടുന്ന യുവതിയ്ക്ക് ഇയാളെ തടയാനായില്ല. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ മുന്‍ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേയും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഇയാള്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു.