വൃദ്ധയോട്   ലൈംഗിക ചുവയോടെ സംസാരിച്ചു അയല്‍വാസിയായ യുവാവ് പിടിയില്‍ നേരത്തെയും ഇയാള്‍ക്കെതിരെ പരാതിയെന്ന് പൊലീസ്

ഇടുക്കി: അറുപത്തിനാലുകാരിയോട് അശ്ലീല ചുവയോടെ സംസാരിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.അടിമാലി അറുപതാംമൈല്‍ മുണ്ടക്കല്‍ ജെയിസണാണ് പൊലീസിന്‍റെ പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് വയോധിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജെയിസണെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പരാതിക്കാരിയായ വയോധികയുടെ വീടിന് സമീപത്ത് കൂടി നടന്ന് വരികയായിരുന്ന ജെയിസണ്‍ വീടിന്‍റെ വരാന്തയിലിരിക്കുകയായിരുന്ന അറുപത്തിനാലുകാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല ആഗ്യവിക്ഷേപങ്ങള്‍ കാണിക്കുകയും ചെയ്തു. സംഭവ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പരാതിക്കാരി വീട്ടിനുള്ളില്‍ കയറി കതകടയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ചൊവ്വാഴ്ച്ച പതിനൊന്ന് മണിയോടെ അടിമാലി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ജെയിസണെ അന്വേഷിച്ച പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിണങ്ങപ്പോയതാണെന്നും സമീപവാസികളായ മറ്റ് സ്ത്രീകളോടും ഇയാള്‍ അപമര്യാദയായി പെരുമാറിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. സെക്ഷന്‍ 354 പ്രകാരം സ്ത്രീകളോട് മര്യാദലംഘനത്തിനുള്ള വകുപ്പ് ചുമത്തിയാണ് ജെയിസണെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.