കഴിഞ്ഞ ദിവസം വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയെ വിഷ്ണു  വിളിച്ചു വീട്ടില്‍ കൊണ്ടുവന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനായി മണ്ണെണ്ണയുമായി വീട്ടില്‍ എത്തി

ആലപ്പുഴ: വിവാഹവാ​ഗ്ദാനം നൽകി അയൽവാസിയായ യുവതിയെ വർഷങ്ങളോളം പീഡിപ്പിച്ച യുവാവ് പിടിയില്‍. അരൂര്‍ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡില്‍ കിഴക്കേവേലിക്കകത്ത് വിഷ്ണുവിനെ (26) ആണ് അയൽവാസിയായ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. 

ഇപ്പോൾ ഇരുപത്തിയൊന്ന് വയസ്സുള്ള പരാതിക്കാരിയുമായി പത്ത് വർഷത്തോളമായി ഇയാൾ പ്രണയത്തിലായിരുന്നു. പല തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും കഴിഞ്ഞ വര്‍ഷം വാഗമണില്‍ വച്ചും തന്നെ വിഷ്ണു പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതിയില്‍ പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാളുമായി ബന്ധമുണ്ടായിരുന്നു. അമ്മയും അച്ഛനും മരിച്ചതോടെ പെണ്‍കുട്ടിയും ചേച്ചിയും വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ചേച്ചിയുടെ വിവാഹത്തോടെ അനുജത്തി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഈ സമയത്ത‌് വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു വിഷ്ണു. 

കഴിഞ്ഞ ദിവസം വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയെ വിഷ്ണു വിളിച്ചു വീട്ടില്‍ കൊണ്ടുവന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനായി മണ്ണെണ്ണയുമായി വീട്ടില്‍ എത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. പ്രതിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ചേര്‍ത്തല ഡി.വൈ.എസ് പി. എ ജി ലാലിനാണ് അന്വേഷണ ചുമതല.