ലഖ്‌നൗ : ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളെ യുവതി വെടിവെച്ച് തുരത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഒരു യുവതിയുടെ അസാമാന്യ ധീരത ഗുണ്ടകളില്‍ നിന്നും ഭര്‍ത്താവിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്.

ലഖ്‌നൗവിലെ കക്കോരി ഗ്രാമത്തില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ആബിദിന്റെ ഭാര്യയാണ് ഗുണ്ടകളെ വെടിവെച്ച് ഓടിച്ചതിലൂടെ നാട്ടിലാകെ ചര്‍ച്ചാ വിഷയമായത്.

ഞായറാഴ്ച രാവിലെ ഒരു വ്യക്തി ആബിദിന്റെ വീട്ടിലെത്തുകയും സംസാരിക്കാനെന്ന വ്യാജേന പുറത്തേക്ക് വിളിപ്പിച്ചു.പരസ്പരം സംസാരിച്ച് കൊണ്ടിരിക്കെ ഒരു സംഘം ഗുണ്ടകള്‍ വടിയും മറ്റ് മാരക ആയുധങ്ങളുമായി ഇവര്‍ക്ക് അരികില്‍ എത്തുകയും ആബിദിനെ മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

ബഹളം കേട്ട് പുറത്ത് വന്ന യുവതി ഭര്‍ത്താവിനെ ഗുണ്ടകള്‍ മര്‍ദ്ദിക്കുന്നത് കണ്ട് എന്തു ചെയ്യണമെന്നറിയാതെ ആദ്യം പകച്ച് നിന്നു. ശേഷം വീട്ടിനുള്ളില്‍ പോയി തോക്ക് എടുത്ത് പുറത്തേക്ക് വന്ന് ഗുണ്ടകള്‍ക്ക് മേല്‍ വെടിവെക്കാന്‍ തുടങ്ങി. വെടിയൊച്ച കേട്ടപ്പാടെ ഗുണ്ടകള്‍ നാലു ഭാഗത്തും ചിതറി ഓടി. അങ്ങനെ യുവതി ഗുണ്ടകളില്‍ നിന്നും ഭര്‍ത്താവിനെ അത്ഭുതകരമായി രക്ഷിച്ചു.