പൂണെ: ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ച ഗൈനക്കോളജിസ്റ്റിനു നേര്‍ക്ക് ആക്രമണം. പൂണെയിലെ സാങ് വിയിലെ ഡോക്ടര്‍ അമോല്‍ ബിദ്കറിനാണ് ആക്രമണം നേരിടേണ്ടി വന്നത്. അഞ്ചുമാസം ഗര്‍ഭിണിയായ ജീവിത പങ്കാളിയുടെ ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായെത്തിയ ആളാണ് തന്നെ ആക്രമിച്ചതെന്ന് ഡോക്ടര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാളുടെ ആക്രമണത്തില്‍ ഡോക്ടറിന്റെ വലതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ടാഴ്ച മുമ്പായിരുന്നു ഗര്‍ഭിണിക്കൊപ്പം ഇയാള്‍ ക്ലിനിക്കിലെത്തിയത്. ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചതോടെ അന്ന് ഇവര്‍ മടങ്ങിപ്പോയി. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഇയാള്‍ വീണ്ടുമെത്തുകയും ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടര്‍ ഇതിന് ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് കൈവശം കരുതിയിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നെന്ന് പോലീസിനു നല്‍കിയ മൊഴിയില്‍ ഡോക്ടര്‍ അമോല്‍ പറയുന്നുണ്ട്.
ആക്രമിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തുവെന്ന് ഇയാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇയാള്‍ക്കായി തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ക്ലിനിക്കില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ സമീപത്തെ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ പിടിക്കാനാകുമെന്ന് പോലീസ് പറഞ്ഞു.
