കഴിഞ്ഞ ഞായറാഴ്ചയാണ് നോക്കി കുരച്ച ഒരു കൂട്ടം നായ്ക്കളിലൊന്നിന്റെ ചെവി ഇയാൾ കടിച്ചെടുത്തത്. ചോരയൊലിക്കുന്ന ചെവിയുമായി മോങ്ങിക്കൊണ്ടോടിയ നായുടെ ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടി. ഇവരെല്ലാവരും ചേർന്ന് ദാലിയെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ചു.


കൊൽക്കത്ത: തെരുവുനായയുടെ ചെവി മദ്യലഹരിയിലായിരുന്ന യുവാവ് കടിച്ചെടുത്തു. വെസ്റ്റ് ബം​ഗാളിലെ ഹൂ​ഗ്ലി ജില്ലയിൽ ഉത്തർപര ​ഗ്രാമത്തിൽ താമസിക്കുന്ന മുപ്പത്തഞ്ചുകാരനായ ശംബുനാഥ് ദാലി ആണ് നായുടെ ചെവി കടിച്ചെടുത്തത്. നിർമ്മാണത്തൊഴിലാളിയായ ദാലി എല്ലാ ദിവസവും മദ്യപിക്കും. ഉത്തർപര ​ഗ്രാമത്തിലെ പാതയോരത്താണ് ഇയാൾ സ്ഥിരമായി ഉറങ്ങുന്നത്. എല്ലാ ദിവസവും തന്റെ താമസസ്ഥലത്ത് പോയി കുടിച്ച് ബോധമില്ലാതെ അസഭ്യം വിളിക്കുകയും പതിവാണ്. പ്രദേശവാസികളെ ഇയാൾ സ്ഥിരമായി ശല്യപ്പെടുത്താറുമുണ്ട്.

തന്നെ നോക്കി കുരയ്ക്കുന്ന തെരുവുനായകളെയും ഇയാൾ വെറുതെ വിടാറില്ല. അവയെയും ചീത്ത വിളിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് നോക്കി കുരച്ച ഒരു കൂട്ടം നായ്ക്കളിലൊന്നിന്റെ ചെവി ഇയാൾ കടിച്ചെടുത്തത്. ചോരയൊലിക്കുന്ന ചെവിയുമായി മോങ്ങിക്കൊണ്ടോടിയ നായുടെ ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടി. ഇവരെല്ലാവരും ചേർന്ന് ദാലിയെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റ‍ഡിയിലാണ്. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും പിന്നീട് ജയിലിലേയ്ക്ക് അയയ്ക്കുമെന്നും പൊലീസ് പറഞ്ഞു.