രണ്ട് ദിവസം മുന്‍പ് കൃഷ്ണപുരത്ത് ദേശീയപാതയോരത്ത് ബലൂണ്‍ കച്ചവടം നടത്തുന്ന രാജസ്ഥാന്‍ സ്വദേശിയായ കച്ചവടക്കാരനാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. 

കായംകുളം: രണ്ടായിരം രൂപയുടെ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് നാടോടി കച്ചവടക്കാരെ കബളിപ്പിച്ചയാള്‍ പൊലീസ് പിടിയിലായി. ഓലകെട്ടിയമ്പലം പുളിമൂട്ടില്‍ അനു വര്‍ഗീസി (31) നെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പ് കൃഷ്ണപുരത്ത് ദേശീയപാതയോരത്ത് ബലൂണ്‍ കച്ചവടം നടത്തുന്ന രാജസ്ഥാന്‍ സ്വദേശിയായ കച്ചവടക്കാരനാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസം ഇയാള്‍ രണ്ടായിരത്തിന്റെ ഫോട്ടോസ്റ്റാറ്റ് നോട്ട് നല്‍കി നൂറു രൂപയുടെ ബലൂണ്‍ വാങ്ങി. കച്ചവടക്കാരന്‍ ബാക്കി പണം നല്‍കുകയും ചെയ്തു.

കച്ചവടക്കാരന്‍ പിന്നീട് ഈ നോട്ടുമായി സമീപത്തെ മറ്റൊരു കച്ചവടക്കാരന്റെ അടുത്തെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഇന്ന് വീണ്ടും രണ്ടായിരത്തിന്റെ നോട്ടുമായി ഇയാള്‍ ബലൂണ്‍ വാങ്ങാന്‍ കച്ചവടക്കാരന്റെ അടുത്തെത്തിയപ്പോള്‍ സമീപത്തുള്ളവരും കച്ചവടക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിയ്ക്കുകയായിരുന്നു. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് നോട്ടടിക്കാനുപയോഗിച്ച സ്‌കാനറും എതാനും 2000, 500, 200 രൂപാ നോട്ടുകളുടെ ഫോട്ടോസ്റ്റാറ്റും കണ്ടെടുത്തു. 

ഒരാഴ്ച മുന്‍പാണ് ഇയാള്‍ അബുദാബിയില്‍ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയത്. ആദ്യമായാണ് ഇത്തരം തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നത്. ഇരുപുറവും ഫോട്ടോസ്റ്റാറ്റ് എടുത്തശേഷം കത്രിക കൊണ്ട് മുറിച്ചെടുത്താണ് വ്യാജ നോട്ട് ഉണ്ടാക്കിയത്. ഇത് ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്നതാണന്നും പൊലീസ് പറഞ്ഞു. .