ചെന്നൈ: അയല്‍ക്കാരനോട് പ്രതികാരം ചെയ്യാന്‍ തൊഴുത്തില്‍ പ്രസവിച്ചു കിടന്ന പശുവിന്റെ കാല് തല്ലിയൊടിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.

സംഭവത്തില്‍ ഡി ശങ്കര്‍ എന്ന 42കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാരന്‍ സമ്പത്ത് കുമാറിന്‍റെ പശുവിന്‍റെ കാലാണ് ഇയാള്‍ അടിച്ചൊടിച്ചത്. പ്രസവിച്ച് 20 ദിവസം മാത്രം തികയുമ്പോള്‍ നടന്ന ആക്രമണത്തില്‍ പശുവിന്റെ നില ഗുരുതരമാണ്.

ഒരേ ഗ്രാമക്കാരായ ശങ്കറും സമ്പത്ത് കുമാറും തമ്മില്‍ ദീര്‍ഘകാലമായി ശത്രുതയിലായിരുന്നു. ബുധനാഴ്ചയാണ് സമ്പത്തിന്‍റെ കാലിത്തൊഴുത്തില്‍ ഒളിച്ചു കയറിയ ശങ്കര്‍ പശുവിന്റെ കാല് തല്ലിയൊടിച്ചത്.

മൃഗസംരക്ഷണ നിയമത്തെക്കുറിച്ച് അറിയാത്ത സമ്പത്ത് കുമാര്‍ ആക്രമത്തിന് ശേഷവും പശുവിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിരുന്നില്ല. ഇത് പശുവിന്‍റെ അവസ്ഥ ഗുരുതരമാക്കി. ചൂടത്ത് അവശയായി മണിക്കൂറുകളോളം പശു കിടക്കുകയും ചൂടേറ്റ് നില കൂടുതല്‍ വഷളാവുകയും ചെയ്തു. ബ്‌ളൂക്രോസ് വോളണ്ടിയര്‍മാര്‍ എത്തിയണ് പശുവിനെ വെറ്റിനറി ആശുപത്രിയേലക്ക് മാറ്റിയത്.