റബ്ബർ തോട്ടത്തിൽ പശുവിനെ മേയ്ക്കുകയായിരുന്ന വാസുവിനെ പിന്നീലൂടെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. 

പാലക്കാട്: കല്ലടിക്കോട് പശുവിനെ മേയ്ക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. 70 വയസ്സുകാരനായ പനന്തോട്ടം വാസുവിനാണ് ആനയുടെ ചവിട്ടേറ്റത്. വാസു സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഉച്ചയോടു കൂടിയാണ് സംഭവം നടന്നത്. റബ്ബർ തോട്ടത്തിൽ പശുവിനെ മേയ്ക്കുകയായിരുന്ന വാസുവിനെ പിന്നീലൂടെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. 

ശബ്ദം കേട്ട് ഓടിമാറാൻ ശ്രമിക്കുന്നതിനിടയിൽ ആന കൊമ്പുകൊണ്ട് കുത്തുകയും ചെയ്തു. വാസു സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കലക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തത് സംഘർഷത്തിന് കാരണമായി. പ്രതിഷേധം ശക്തമായതോടെ ആർഡിഓയും ഡിവൈഎസ്പിയും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ്‌ മൃതദേഹം വിട്ടുകൊടുക്കാൻ തയ്യാറായത്.

 വാസുവിന്‍റെ ആശ്രിതർക്ക് ജോലിനൽകാമെന്നും,തെരുവ് വിളക്കുകളും വൈദ്യുതിവേലിയും നിർമ്മിക്കാമെന്നുമുള്ള ഉറപ്പിലാണ്‌ നാട്ടുകാർ മൃതദേഹം വിട്ടുകൊടുത്തത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.