കൊച്ചി: പനമ്പിള്ളി നഗറിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ ലൂതർ ബെൻ, ജോൺ പോള് ആന്റണി എന്നിവരാണ് പിടിയിലായത്.പണം ആവശ്യപ്പെട്ട് യുവാവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ചയാണ് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടത്.  സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. പൊലീസ് നോക്കി നിൽക്കെയാണ് സംഭവം. 

പനമ്പിള്ളി നഗറിലെ കൊച്ചിൻ ഷിപ്പ് യാർഡ് കെട്ടിടത്തിന് സമീപം ആണ് സംഭവം നടന്നത്. പെരുമ്പാവൂർ സ്വദേശി വിനീതിനെ ഭീഷണിപ്പെടുത്തി രണ്ടംഗ സംഘം നേരത്തെ പണം തട്ടിയിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ട് എത്തിയ പ്രതികള്‍ വിനീതിന്റെ കാറിൽ തന്നെ ഇയാളെ കടത്തികൊണ്ടു പോകാൻ ശ്രമിച്ചു.എന്നാൽ ഓടികൊണ്ടിരുന്ന കാറിൽ നിന്ന് വിനീത് പുറത്തേക്ക് ചാടി.

ഇതോടെ പ്രതികള് കാറിന്റെ വേഗം കൂട്ടി. ഇതിനിടെ ബൈക്ക് യാത്രികനായ കുമ്പളങ്ങി സ്വദേശി തോമസിനെ കാർ ഇടിച്ചുതെറിപ്പിച്ചു. റോഡിൽ തെറിച്ചു വീണ തോമസിന്റെ കഴുത്തിലൂടെ കാർ കയറിയിറങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതോമസ് രാത്രിയോടെ മരിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ചാലക്കുടിയിലേക്കും പിന്നീട് പാലക്കാട്ടേക്കും പ്രതികള് കടന്നു. ഒടുവിൽ പാലക്കാടുള്ള ഒരു ഹോംസ്റ്റേയിൽ നിന്ന് ലൂതറിനെയും ജോൺ പോളിനെയും സൗത്ത് പൊലീസ് പിടികൂടുകയായിരുന്നു.

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലടക്കം കൊലപാതകശ്രമം, വാഹനമോഷണം, ചിട്ടിതട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ലൂതര്‍ ബെനും ജോണ് പോള്‍ ആന്റണിയും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.