ദില്ലി: കാമുകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകള്‍ മൂന്നാം നിലയില്‍നിന്ന് തള്ളിയിട്ട അച്ഛന്‍ ഒടുവില്‍ മരിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന വിശ്വനാഥ് സാഹു ആണ് മരിച്ചത്. ഞായറാഴ്ച നോയിഡയിലെ സെക്റ്റര്‍ - 27ലാണ് സംഭവം.

പുവര്‍ച്ചെ നാല് മണിയ്ക്ക് പുറത്തുനിന്ന് ശബ്ദം കേട്ട് എഴുന്നേറ്റ സാഹു മകള്‍ പൂജയുടെ മുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് മകള്‍ക്കരികിലേക്ക് ചെന്ന സാഹു അവള്‍ക്കൊപ്പം കാമുകനെ കാണുകയും ഇത് വഴക്കിലെത്തുകയുമായിരുന്നു. 

ഇരുവരും തമ്മിലുണ്ടായ കയ്യേറ്റത്തിനിടെ മകളുടെ കൈ തട്ടി അബദ്ധത്തില്‍ സാഹു മൂന്നാം നിലയില്‍നിന്ന് താഴെ വീണു. ശബ്ദം കേട്ട് വന്ന സാഹുവിന്റെ ഭാര്യ ഗായത്രി ഉടന്‍തന്നെ സാഹുവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് സാഹുവിനെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. 

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിശ്വാനാഥ് സാഹു മരിച്ചത്. തുടര്‍ന്ന് ഭാര്യ ഗായത്രി മകള്‍ക്കും കാമുകനുമെതിരെ നോയിഡയിലെ സെക്റ്റര്‍ - 20 പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പൂജയെ അറസ്റ്റ് ചെയ്തു. കാമുകന്‍ ധര്‍മേന്ദ്രയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.