Asianet News MalayalamAsianet News Malayalam

വേദനിക്കുന്ന കാല്‍ അമ്മ എണ്ണയിട്ട് തിരുമ്മി; യുവാവ് മരിച്ചു

Man dies after mother massages his injured ankle blood clot moves
Author
First Published May 2, 2017, 12:17 PM IST

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ പരിക്കേറ്റ കാല്‍ അമ്മ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് ശ്വാസ തടസമനുഭവപ്പെട്ട യുവാവ് മരിച്ചു. ഡല്‍ഹിയിലാണ് സംഭവം. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒക്‌ടോബര്‍ 31നു നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത പുറംലോകം അറിയുന്നത് മെഡിക്കോ ലീഗല്‍ ജേണലിന്റെ പുതിയ ലക്കത്തിലെ ഇതുസംബന്ധിച്ച വെളിപ്പെടുത്തലോടെയാണ്.

2016 സപ്തംബറില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ രാകേഷ് എന്ന യുവാവിന്റെ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ഒരു മാസത്തോളം കാലില്‍ പ്ലാസ്റ്റര്‍ ഇട്ടു. പ്ലാസ്റ്റര്‍ മാറ്റിയ ശേഷവും വേദന മാറാത്തതിനാല്‍ രാകേഷ് അമ്മയോട് കാല്‍ തിരുമ്മിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അമ്മ കാലില്‍ എണ്ണയിട്ട് 30 മിനുട്ടോളം തിരുമ്മി. തുടര്‍ന്ന് യുവാവിന്റെ രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇയാളെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്ലാസ്റ്റര്‍ ഇട്ടതിനെ തുടര്‍ന്ന് കാലിലെ പ്രധാന ഞരമ്പില്‍ കട്ടപിടിച്ച രക്തം തിരുമ്മലിനെ തുടര്‍ന്ന് ഞരമ്പില്‍ നിന്ന് നീങ്ങി ശ്വാസകോശത്തില്‍ രക്തം എത്തിക്കുന്ന പള്‍മണറി ധമനിയില്‍ എത്തുകയായിരുന്നു. കാലില്‍ നിന്നും ഹൃദയ ധമനിയില്‍ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന ഹൃദയ ധമനിയില്‍ രക്തക്കട്ട അടിഞ്ഞതുമൂലം ശ്വാസകോശത്തിലേക്ക് രക്തം പമ്പുചെയ്യാനാകാതെ മരണം സംഭവിക്കുകയുമായിരുന്നു.

പ്ലാസ്റ്റര്‍ ഇട്ടാല്‍ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുന്നത് സാധാരണമാണെന്ന് യുവാവിനെ ചികിത്സിച്ച ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷത്തില്‍ 70 പേര്‍ക്ക് ഇത്തരത്തില്‍ രക്തം കട്ടപിടിക്കാറുണ്ട്. ഇത് തനിയെ അലിഞ്ഞുപോവുകയാണ് വേണ്ടതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.സുധീര്‍ ഗുപ്ത പറഞ്ഞു.
----------

Follow Us:
Download App:
  • android
  • ios