ദളിത് പ്രക്ഷോഭത്തിനിടെ വെടിയുതിര്‍ത്തയാള്‍ ക്യാമറയില്‍ കുടുങ്ങി 

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗോളിയോറില്‍ ദളിത് പ്രതിഷേധത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വെടിയുതിര്‍ത്ത ആള്‍ ക്യാമറയില്‍ കുടുങ്ങി. രാജാ ചൗഹാന്‍ എന്ന ആള്‍ വെടിയുതിര്‍ക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്ന് പൊലീസ്. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. 

രാജ വെടിയുതിര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താതിപ്പുരയിലുണ്ടായ പ്രക്ഷോഭത്തിനിടെ ഇയാള്‍ വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ദീപക് ജാദവ് എന്ന 22 കാരന്‍ കൊല്ലപ്പെട്ടിരുന്നു. 

പട്ടിക ജാതി പീഡന നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ചാണ് വിവിധ ദളിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തിയത്. പ്രതിഷേധ പ്രകടനത്തിനിടെ മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊറേന എന്നിവിടങ്ങളിലായി എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗ്വാളിയോറിലും മൊറേനയിലും പൊലീസ് കര്‍ഫൂ പ്രഖ്യാപിച്ചിരുന്നു. വെടിവയ്പിനിടെ പൊലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.