കണ്ണൂര്‍: കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ യുവതിയെ ലോഡ്ജുമുറിയല്‍ കെട്ടിത്തൂക്കി കൊന്ന കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കും കോടതി ശിക്ഷ വിധിച്ചു. ഭര്‍ത്താവിന് ജീവപര്യന്തം തടവും ഇയാളുടെ അമ്മയ്ക്ക് മൂന്നു വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.

2010 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കാട്ടാമ്പള്ളി സ്വദേശിനിയായ രമ്യയെ പയ്യന്നൂരിലെ ഒരു ലോഡ്ജിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവായ ഷമ്മികുമാര്‍ യുവതിയെ മദ്യം നല്‍കി മയക്കിയശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ക്കുശേഷം ദുബായില്‍ വച്ചാണ് ഷമ്മികുമാറിനെ പോലീസ് പിടികൂടിയത്.

കേസില്‍ രമ്യയുടെ ഭര്‍ത്താവായ ഷമ്മികുമാര്‍, ഷമ്മികുമാറിന്റെ അമ്മ പദ്മാവതി എന്നിവരെയാണ് കഴിഞ്ഞ ദിവസം തലശ്ശേരി സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. ഐപിസി 302, 201, 498 എന്നീ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് ഷമ്മികുമാറിനുള്ള ശിക്ഷ. ഷമ്മികുമാറിന്റെ അമ്മ പദ്മാവതിക്ക് ഗാര്‍ഹിക പീഢനത്തിന് മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയായി അടക്കുന്ന തുക രമ്യയുടെ മൂന്നു മക്കള്‍ക്കുമായി വീതിച്ചുനല്‍കാനും കോടതി വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഷമ്മികുമാറിന്റെ സഹോദരന്‍ ലതീഷ് കുമാറിനെ കോടതി കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെവിട്ടു.