വിവാഹ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നല്‍കാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ നിന്നും പീഡനം നേരിടേണ്ടിവന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ലക്നൗ: മുസ്ലീം വ്യക്തി നിയമത്തിലെ മുത്തലാഖ് ഇന്ന് ഇന്ത്യന്‍ നിയമവ്യവസ്ഥയിലും രാഷ്ട്രീയത്തിലും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സമയമാണ്. ഇതിനിടെയാണ് വീട്ടിൽ കൃത്യസമയത്ത് എത്താത്തതിനാൽ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്. 

അരമണിക്കൂറിനുള്ളിൽ വീട്ടില്‍ തിരിച്ചെത്താമെന്ന് ഉറപ്പ് നല്‍കിയെങ്കിലും കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയതെന്ന് യുവതി എഎൻഐയോട് പറഞ്ഞു. വിവാഹ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നല്‍കാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ നിന്നും പീഡനം നേരിടേണ്ടിവന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

’വയ്യാത്ത മുത്തശ്ശിയെ കാണാനാണ് ഞാൻ വീട്ടിൽ പോയത്. അരമണിക്കൂറിനുള്ളിൽ തിരിച്ചെത്താൻ ഭർത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എനിക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ സാധിച്ചില്ല. വെറും പത്ത് മിനിട്ട് മാത്രമാണ് ഞാൻ വൈകിയത്. പിന്നീട് അയാൾ എന്റെ സഹോദരന്റെ ഫോണില്‍ വിളിച്ച് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി’- യുവതി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഭര്‍തൃ വീട്ടുകാർ മർദ്ദിക്കാറുണ്ടെന്നും അക്രമത്തിന്റെ ആഘാതത്തിന്‍ തനിക്ക് ഗര്‍ഭചിദ്രം സംഭവിച്ചിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. 

തന്റേത് ഒരു പാവപ്പെട്ട കൂടുംബമാണ്, അതിനാല്‍ ഭര്‍തൃവീട്ടുകാർ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞു. അതേസമയം സർക്കാർ സഹായം തേടിയിരിക്കുകയാണ് യുവതി. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും യുവതി പറഞ്ഞു. സംഭവത്തിൽ അലിദജ് ഏരിയാ ഉദ്യോഗസ്ഥന്‍ അജയ് ഭദൗറിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മുത്തലാഖ് കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ബില്ല് ഡിസംബർ 27ന് ലോക് സഭ പാസാക്കിയിരുന്നു. ഭർത്താവിന് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുത്തലാഖ് എന്നാണ് ബില്ലിൽ പറയുന്നത്.