ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം വിവാഹ ചടങ്ങിനിടെ കത്തിക്കുത്ത്

ഇടുക്കി: വിവാഹ ചടങ്ങിനിടെ തോട്ടംതൊഴിലാളിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പഴയമൂന്നാറില്‍ ഞാനദാസിന്റെ മകന്റെ വിവാഹ ചടങ്ങിനിടെയാണ് അഗസ്റ്റിന്‍ ബന്ധുവായ തോട്ടംതൊഴിലാളിയെ കൈയ്യില്‍ കരുതിയിരുന്ന കടാര ഉപയോഗിച്ച് കുത്തിയത്. വിവാഹ ചടങ്ങുകള്‍ പൂത്തിയാക്കി ഭക്ഷണം കഴിച്ച് പുറത്തിറങ്ങവെ ബന്ധുക്കളായ അഗസ്റ്റിന്‍- ശവരിമുത്ത് എന്നിവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേപ്പെടുകയായിരുന്നു. 

തുടര്‍ന്ന് വാക്കുതര്‍ക്കം മൂര്‍ച്ചിച്ചതോടെ അഗ്‌സ്റ്റിന്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശവരിമുത്തുവിനെ തലങ്ങും വിലങ്ങും വെട്ടി ഭീകരന്തരീക്ഷം സ്യഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു. തലയ്ക്കും കഴുത്തിനും കൈയ്ക്കും അഞ്ചോളം വെട്ടേറ്റ ശവരിമുത്തുവിനെ കല്ല്യാണത്തില്‍ പങ്കെടുക്കുവാനെത്തിവരാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. 

ഇന്നലെ വൈകുന്നേരത്തോടെ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ പ്രതിയെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെമ്പിളയൊരുമയുടെ നേത്യത്വത്തില്‍ തോട്ടംതൊഴിലാളികള്‍ നടത്തിയ സമരത്തോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇടയ്ക്ക് എസ്റ്റേറ്റില്‍വെച്ച് ഇരുവരും ഏറ്റുമുട്ടുകയും അഗസ്റ്റിന്റെ കൈ ഒടിയുകയും ചെയ്തിരുന്നു. ഇതാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമെന്നാണ് സൂചന.