മുംബൈ: റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് യുവതിയെ കടന്നുപിടിച്ച്‌ ബലംപ്രയോഗിച്ച് ചുംബിച്ചയാളെ അറസ്റ്റ് ചെയ്തു. നരേഷ് കെ ജോഷി എന്ന 43 കാരനാണ് സംഭവം നടന്ന് മിനുട്ടുകള്‍ക്കകം ആര്‍പിഎഫിന്റെ പിടിയിലായത്. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

പ്ലാറ്റ് ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് പിന്നാലെ എത്തിയ ഇയാള്‍ യുവതിയെ പിന്നില്‍ നിന്ന് കടന്നുപിടിച്ച് ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്ലാറ്റ്ഫോമിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ഗാന്‍സോലിയിലേക്ക് പോകാനായി ലോക്കല്‍ ട്രെയിനില്‍ കയറാന്‍ എത്തിയതായിരുന്നു യുവതി.

യുവതിയെ ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇയാള്‍ തിരിഞ്ഞു നടക്കുന്നതും വീഡിയോയില്‍ കാണാം.