തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ പന്ത്രണ്ട് വയസുകാരനെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച അയൽവാസി പിടിയിൽ.പാറശ്ശാല കൊട്ടയിൽക്കട സ്വദേശി ബാബുവാണ് അറസ്റ്റിലായത്.പറമ്പിലെ വാഴകൃഷി നശിപ്പിച്ചതിനാണ് കുട്ടിയെ ആക്രമിച്ചതെന്ന് പ്രതി മൊഴി നൽകി. ഈ മാസം എട്ടാം തീയതി വൈകീട്ടാണ് പാറശാല സ്വദേശിയായ പന്ത്രണ്ട് വയസുകാരന് നേരെ ആക്രമണമുണ്ടായത്.

അയൽവാസിയായ ബാബു കുട്ടിയുടെ വീട്ടിലെത്തി കഴുത്തിന് വെട്ടുകത്തികൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു.ആക്രമണം നടത്തിയ ശേഷം ബാബു തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു.രണ്ടാഴ്ചത്തെ അജ്ഞാതവാസത്തിന് ശേഷം കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ ബന്ധുവീട്ടിൽ തിരിച്ചെത്തി.അവിടെവച്ചാണ് ഷാഡോ പൊലീസ് ബാബുവിനെ പിടികൂടിയത്.

തന്റെ പറമ്പിലെ വാഴകൃഷി നശിപ്പിച്ചതിന് പ്രതികാരമായാണ് കുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് പ്രതി മൊഴി നൽകി. കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബാബുവെന്ന് പൊലീസ് പറയുന്നു.മൂന്ന് വിവാഹത്തട്ടിപ്പ് കേസുകളും ഇയാൾക്കെതിരെയുണ്ട്.