ഓടുന്ന ബസിനും ട്രെയിനിനും പുറകെ ഓടുക, നീങ്ങിത്തുടങ്ങിയ വണ്ടിയില്‍ ചാടിക്കയറുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാത്തവരായി അധികമാരും ഉണ്ടാവില്ല. എന്നാല്‍ ടേക്ക് ഓഫിന് തയാറായി റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനത്തിലേക്ക് ഓടിക്കയറുക എന്നത് അത്ര സാധാരണമല്ല. മാഡ്രിഡിലെ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തില്‍ ചാടിക്കയറാന്‍ റണ്‍വേയിലൂടെ ഓടിയ യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

സുരക്ഷാ മുൻകരുതലുകൾ ലംഘിച്ചായിരുന്നു ബൊളീവിയന്‍ സ്വദേശിയായ യുവാവിന്റെ റണ്‍വേയിലൂടെ ബാഗും തൂക്കിയുള്ള ഓട്ടം. ടാര്‍ മാര്‍ക്കിന്റെ മുന്നിലെത്തി വിമാനം നിര്‍ത്താനായി ഇയാള്‍ കൈവീശി കാണിക്കുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിനാണു സംഭവം നടന്നത്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന മാഡ്രിഡിലാണ് വലിയ സുരക്ഷാപ്പിഴവുണ്ടായിരിക്കുന്നത്. ഓട്ടത്തിനിടെ 10 അടിയോളം ഉയരത്തിലുള്ള പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജും ചാടിക്കടന്നാണ് യുവാവ് റണ്‍വേയിലെത്തിയത്.

എന്തായാലും ഇയാളുടെ ഓട്ടംകൊണ്ട ഫലമുണ്ടായി. ബോര്‍ഡിംഗ് പാസുണ്ടായിരുന്നതിനാല്‍ ഇയാളെ വിമാനത്തില്‍ കയറാന്‍ പൈലറ്റ് അനുവദിച്ചു. പിന്നീട് വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു. മാഡ്രിഡ്-ബാരജാസ് എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ക്രൂ ആണ് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 48 സെക്കന്റ് നീളുന്ന വിഡിയോ ഇതിനകം പത്തുലക്ഷത്തിലധികംപേര്‍ കണ്ടു കഴിഞ്ഞു. ഏഴായിരത്തോളം പേര്‍ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.