കിഴക്കൻ ദില്ലിയിലെ ജോഹാരി മെട്രോ സ്റ്റേഷന് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. എന്നാൽ എന്ത് രാസവസ്തുവാണ്, എവിടെ നിന്നാണ് ഇവരുടെ ദേഹത്ത് പതിച്ചതെന്ന് അറിയാൻ സാധിച്ചിട്ടില്ല. ഇരുവർക്കും പൊള്ളലേറ്റിരുന്നു.
ദില്ലി: മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്ന സമയത്ത് തലയിൽ രാസവസ്തു വീണ് യുവാവ് മരിച്ചു. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മുപ്പത്തിരണ്ടുകാരനായ അമിത് ചൗഹാനാണ് മരിച്ചത്. പരിക്കേറ്റ രാഹുൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കിഴക്കൻ ദില്ലിയിലെ ജോഹാരി മെട്രോ സ്റ്റേഷന് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. എന്നാൽ എന്ത് രാസവസ്തുവാണ്, എവിടെ നിന്നാണ് ഇവരുടെ ദേഹത്ത് പതിച്ചതെന്ന് അറിയാൻ സാധിച്ചിട്ടില്ല. ഇരുവർക്കും പൊള്ളലേറ്റിരുന്നു.
ജൊഹാരി മെട്രോ സ്റ്റേഷന് സമീപത്ത് കൂടെ പോകുമ്പോഴാണ് രാസവസ്തു ദേഹത്ത് വീണതെന്ന് ആശുപത്രിയിൽ കഴിയുന്ന രാഹുൽ പറയുന്നു. അവിടെയുണ്ടായിരുന്ന ആൾക്കാർ ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അമിത് ചൗഹാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ സംഭവത്തെക്കുറിച്ച് മെട്രോ റെയിൽ കോർപറേഷൻ പുറത്തിറത്തിയ പ്രസ്താവനയിൽ അത്തരം രാസവസ്തുക്കൾ മെട്രോയിൽ നിന്ന് വീഴാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചു പറയുന്നു. തൊട്ടടുത്തുണ്ടായിരുന്ന മറ്റ് ബൈക്കുകളിലും വാഹനങ്ങളിലും ഈ പദാർത്ഥം വീണിട്ടുണ്ട്.
മെട്രോ സ്റ്റേഷൻ നിർമ്മാണത്തിൽ ഇത്തരം പദാർത്ഥങ്ങളൊന്നും തന്നെ ഉപയോഗിക്കുന്നില്ല. മെട്രോ റെയിലിന്റെ പണി പൂർത്തിയാക്കി ട്രയൽ റൺ കഴിഞ്ഞതാണ്. എന്നാൽ ആരെങ്കിലും രാസപദാർത്ഥം ഒഴിച്ചതാണോ എന്ന സാധ്യതയെ തള്ളിക്കളയാൻ കഴിയില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മറ്റ് വിധത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
