സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുഴുങ്ങി മക്കളെ നോക്കുന്നില്ലെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി

ഗുഡ്ഗാവ്: സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുഴുങ്ങി മക്കളെ നോക്കുന്നില്ലെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഹരിയാനയിലെ ഗുഡ്ഗാവില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലക്ഷ്മി എന്ന മുപ്പത്തിരണ്ടുകാരിയെയാണ് ഹരിഓം എന്ന ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് ഹരിഓമിനെ അറസ്റ്റ് ചെയ്തു.

മണിക്കൂറുകളോളം മൊബൈല്‍ ഫോണിനു മുന്നില്‍ ചെലവഴിച്ചിരുന്ന ലക്ഷ്മി സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി ചാറ്റിംഗില്‍ ആയിരുന്നു. ഭാര്യ തന്നെയും മക്കളെയും അവഗണിക്കുന്നതില്‍ കടുത്ത അതൃപ്തിയും ഹരിഓമിനുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വ്യാഴാഴ്ച രാത്രി സെക്ടര്‍ 92ലെ സാരെ ഹോംസ് ഫ്‌ളാറ്റില്‍ ഉറങ്ങാന്‍ കിടന്ന ലക്ഷ്മിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ഫ്‌ളാറ്റില്‍ എത്തിയ ലക്ഷ്മിയുടെ പിതാവ് കാണുന്നത് കട്ടിലില്‍ മരിച്ചു കിടക്കുന്ന ലക്ഷ്മിയേയും മൃതദേഹത്തിന് സമീപത്ത് ഇരിക്കുന്ന ഹരിഓമിനേയുമാണ്. 

ലക്ഷ്മിയുടെ പിതാവ് ബല്‍വന്ദ് സിംഗ് ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഹരിഓം കുറ്റം സമ്മതിച്ചു. ഐഎംടി-മനേസറില്‍ കമ്പ്യൂട്ടര്‍ റിപ്പയര്‍ ഷോപ് നടത്തുകയാണ് ഹരിഓം. 2006ലാണ് ഹരിഓമും ലക്ഷ്മിയും വിവാഹിതരായത്. രണ്ടു മക്കളും ഇവര്‍ക്കുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഭാര്യയ്ക്ക് സ്മാര്‍ട്‌ഫോണ്‍ സമ്മാനിച്ച ഹരിഓം ഒരിക്കലും ചിന്തിച്ചില്ല അത് തങ്ങളുടെ ജീവിതം തന്നെ തകര്‍ക്കുമെന്ന്. ഫോണ്‍ ലഭിച്ചതോടെ ലക്ഷ്മി ആകെ മാറി. 

ഹരിഓമിനെയും കുട്ടികളെയും അവഗണിച്ചു. ഭക്ഷണം ഉണ്ടാക്കുന്നതിനോ വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനോ ലക്ഷ്മിക്ക് താല്‍പര്യമില്ലാതായി. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുകയോ അവരെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കുകയോ ഇല്ലാതായി. പകലും രാത്രിയും ഫേസ്ബുക്കിനും വാട്‌സാപ്പിനും മുന്നില്‍ കുത്തിയിരുന്നുവെന്ന് ഹരിഓം പോലീസിനോട് പറഞ്ഞു.