വണ്ടൂര്‍: കുട്ടികളുടേതുള്‍പ്പെടെയുള്ള അശ്ശീലദൃശ്യങ്ങള്‍ ഫോണിലൂടെ ടെലഗ്രാം ഗ്രൂപ്പു വഴി പ്രചരിപ്പിച്ച യുവാവ് പോലീസ് വലയിലായി. തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഫറഫലി(25) യെയാണ് സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ ഐ.ജി മനോജ് കുമാറിന്‍റെ നിര്‍ദേശപ്രകാരം അറസ്റ്റു ചെയ്തത്.
ഫോണില്‍ ടെലഗ്രാമില്‍ നിരവധി പേരുകളില്‍ പല ഗ്രൂപ്പുകളുണ്ടാക്കി അശ്ശീല ദൃശ്യങ്ങളും, ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു. കേരളത്തിനകത്തും, പുറത്തുമായി നിരവധി പേരാണ് ഇയാള്‍ക്ക് കസ്റ്റമേഴ്‌സ് ആയിട്ട് ഉണ്ടായിരുന്നത്. സൈബര്‍ഡോം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അശ്ശീലദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പരിശോധന ശക്തമാക്കുകയും, ഷറഫലിയുടെ നമ്പറിലുള്ള ഐഡിയ സിമ്മില്‍ ടെലഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
ഷറഫലിയില്‍ നിന്ന് മൊബൈല്‍ഫോണും, മെമ്മറി കാര്‍ഡുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പല വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ദൃശ്യങ്ങളായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. മാനസിക സംതൃപ്തിക്കുവേണ്ടിയാണ് താന്‍ അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വന്നിരുന്നത് എന്നാണ് അക്കൗണ്ടന്‍സി പഠിക്കുന്ന യുവാവിന്റെ മൊഴി. എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. അപരിചിതര്‍ക്കു പോലും ഇത്തരം അശ്ശീല ദൃശ്യങ്ങളും, ലിങ്കും നല്‍കിയതിനു പിന്നില്‍ സാമ്പത്തിക താത്പര്യങ്ങള്‍ ണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.
ഇയാളില്‍ നിന്ന് ലിങ്ക് വാങ്ങിയവരുടെയും, ഇടപാടുണ്ടായിരുന്നവരുശടയും കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. തുടര്‍ച്ചയായി അശ്ശീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമ നിരോധന നിയമപ്രകാരവും, െഎടി ആക്ട് പ്രകാരവും കേസെടുത്തു. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
