സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് യോഗി ആദിത്യനാഥിനും കൂട്ടര്‍ക്കുമെതിരെ ഗൊരഖ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ 2007 ജനുവരി 27 നാണ് പരാതി നല്‍കിയത്.
ലക്നൗ : 2007 മുതല്‍ വിവിധ കോടതികളിലായി യോഗി ആദിത്യനാഥിനെതിരെ ക്രിമിനല്‍ കേസ് നടത്തുന്ന 64 കാരനെ പര്‍വ്വേസ് പര്‍വാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പര്‍വ്വേസ് പര്‍വാസിനും സുഹൃത്ത് മഹ്മൂദിനുമെതിരെ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് വിനയ് സിംഗ് പറഞ്ഞു.
ചികിത്സയ്ക്കായി മഹ്മൂദിനെ കാണാനെത്തിയതായിരുന്നു യുവതി. പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പര്‍വ്വാസിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്നും പൊലീസ് വ്യക്തമാക്കി.
മഹ്മൂദിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് യോഗി ആദിത്യനാഥിനും കൂട്ടര്‍ക്കുമെതിരെ ഗൊരഖ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ 2007 ജനുവരി 27 നാണ് പരാതി നല്‍കിയത്.
2007ല്‍ ആദിത്യനാഥ് നടത്തിയ പ്രസംഗങ്ങള്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന അക്രമസംഭവങ്ങള്‍ക്കു കാരണമായി എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസില്‍ ആദിത്യനാഥിനെതിരെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇത് സെഷന്‍സ് കോടതി മരവിപ്പിച്ചു. ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരിക്കുകയായിരുന്നു പര്‍വേസ്. ഇതിനിടെയാണ് അറസ്റ്റ്.
