ദില്ലി: പിസ ഒൗട്ട്ലെറ്റ് കവർച്ച നടത്തിയ കേസിൽ പിടിയിലായത് ശരീരസൗന്ദര്യ മത്സരത്തിലെ സംസ്ഥാന ചാമ്പ്യനും റിയാലിറ്റി ഷോ താരവുമായ യുവാവ്. കഴിഞ്ഞ ഡിസംബറിൽ ദ്വാരകയിലെ പിസ ഒൗട്ട്ലെറ്റിൽ നിന്ന് മൂന്നര ലക്ഷം രൂപ കവർന്ന കേസിലാണ് 2014ലെ മിസ്റ്റർ ഉത്തരാഖണ്ഡ് പട്ടം നേടിയ അദ്നാൻ ഖാൻ പിടിയിലായത്. ബോളിവുഡ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടിയാണ് ഖാൻ കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഒട്ടെറെ റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെട്ട 22കാരനായ ഖാന് ബോളിവുഡ് സംവിധായകനിൽ നിന്ന് ഒാഫറും ലഭിച്ചിരുന്നു. തന്റെ ദൈനന്തിന ചിലവുകൾക്ക് കൂടുതൽ പണം ആവശ്യമായി വന്നതോടെ കാര്യങ്ങൾ മാറി. തുടർന്നാണ് പിസ ഒൗട്ട്ലെറ്റിൽ നിന്ന് മൂന്നരലക്ഷം കവർന്നത്.
ഖാന്‍റെ അറസ്റ്റ് ദ്വാരക ഡി.സി.പി ശിബേഷ് സിങ് സ്ഥിരീകരിച്ചു. ദ്വാരകക്ക് അടുത്തുള്ള ബസ്സ്റ്റാൻറിൽ നിന്ന് സ്റ്റേഷൻ ഹൗസ് ഒാഫീസർ ജസ്മൊഹീന്ദൻ സിങിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അദ്നാൻ ഖാനെ അറസ്റ്റ് ചെയ്തത്.
