സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈലിലും മറ്റും അവരുടെ അനുവാദമില്ലാതെ സൂത്രത്തില്‍ പകർത്തുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളെപ്പോലുള്ളവര്‍ക്ക് കിട്ടിയേക്കാവുന്ന എട്ടിന്‍റെ പണിയാണ് ഈ സംഭവം. സംഭവം നടന്നത് അങ്ങ് സിംഗപ്പൂരിലാണ്.

സിംഗപൂർ മെട്രോയിൽ യാത്ര ചെയ്യുകയായിരുന്നു ഉമാ മഗേശ്വരിയെന്ന പെൺകുട്ടി. അപ്പോള്‍ മാന്യമായി വേഷം ധരിച്ച ഒരു മധ്യവയസ്‍കന്‍ ഇവരുടെ നേരെ എതിര്‍വശത്തുള്ള സീറ്റില്‍ വന്നിരുന്നു. ബാക്കിയുള്ള സീറ്റുകൾ മുഴുവൻ ഒഴിഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫോൺ എടുത്ത് എന്തോ കാണുകയാണെന്ന ഭാവത്തിൽ ഇരുന്നു. പക്ഷേ മെട്രോയുടെ ജനാലയുടെ കണ്ണാടിയില്‍ അയാളുടെ കൈയ്യിലിരുന്ന ഫോണിലെ ദൃശ്യങ്ങളുടെ പ്രതിബിംബം കണ്ട് ഉമ ഞെട്ടി. ഒന്നും അറിയാത്ത ഭാവത്തില്‍ ഇരുന്ന ആ മനുഷ്യന്‍ തന്റെ ദൃശ്യങ്ങളാണ് ഷൂട്ട് ചെയ്യുന്നതെന്ന് ഉമ കണ്ണാടിയില്‍ കണ്ടു.

തുടര്‍ന്ന് അയാൾ തന്റെ വീഡിയോ എടുക്കുന്ന ദൃശ്യം ഉമ ഷൂട്ട് ചെയ്യുകയും ഫെയ്‌സ്ബുക്കിൽ അത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി അയാളെ അറസ്റ്റ് ചെയ്‍തു.

ഇത്തരത്തിലുള്ള മറ്റ് വീഡിയോകളും അയാളിൽ നിന്ന് കണ്ടെടുത്തായി പോലീസ് അറിയിച്ചിട്ടുണ്ട്. പിടിയിലായ ആളുടെ പേര് സൂരജ് എന്നാണെന്നും എംപ്ലോയ്‌മെന്റ് പാസ് കൈവശമുള്ള ആളാണെന്നും പോലീസ് അറിയിച്ചതായും ഉമ പറയുന്നു.

ഉമയുടെ പോസ്റ്റ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാണ്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ഉമയ്ക്ക് പിന്തുണ നല്‍കി രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം