ആക്രമിച്ചതിന് ശേഷം വെടിവയ്ക്കുകയായിരുന്നു കാനഡയിൽ വെടിയേറ്റ് മരിക്കുന്ന പതിനൊന്നാമത്തെ ആളാണ്  

‍ടൊറന്റോ: കാനഡയിലെ ബ്രാംപ്റ്റൺ ന​ഗരത്തിൽ ഇരുപത്തേഴ് വയസ്സുള്ള ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിൽ പതിനെട്ടും പത്തൊൻപതും വയസ്സുള്ള രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കാനഡയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന പൽവിന്ദർസിം​ഗാണ് കൊല്ലപ്പെട്ടത്. 2009 ലാണ് ഇയാൾ കാന‍ഡയിൽ എത്തിയത്. വീടിന് സമീപത്ത് വച്ചാണ് ഇയാൾക്ക് വെടിയേറ്റത്. വെടിവച്ചതിന് ശേഷം മൂന്നു പോർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി കണ്ടു എന്ന് ദൃക്സാക്ഷികൾ പറയുന്നു. 

പൽവിന്ദർ സിം​ഗിനെ ഇവർ ആക്രമിച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അതിന് ശേഷമാണ് വെടിവച്ച് കൊന്നത്. രണ്ട് ദിവസം മുമ്പായിരുന്നു പൽവിന്ദർ സിം​ഗിന്റെ പിറന്നാൾ. പിറന്നാൾ ആശംസകൾ അറിയിച്ച് രണ്ട് ദിവസത്തിന് ശേഷം മരണവാർത്ത അറിയുന്നത് വളരെ ദുഖകരമാണെന്നായിരുന്നു ഇയാളുടെ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചത്. ഈ വർഷം കാനഡയിൽ കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ വ്യക്തിയാണ് പൽവിന്ദർ സിം​ഗ്. ബ്രാംപ്റ്റണിൽ വെടിയേറ്റ് കൊല്ലപ്പെടുന്നവരുടെ ശൃംഖല ആരംഭിച്ചു എന്നാണ് ഒരു മാധ്യമം സംഭവത്തെ റിപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞത്.