അതിഫിന് നേരെ വെടിയുതിര്‍ത്ത് യുവാവ് കടന്നുകളയുകയായിരുന്നു  

ദില്ലി:കുടുംബത്തിന്‍റെ ആഗ്രഹത്തിനെതിരായി വിവാഹം കഴിച്ച യുവതിയുടെ ഭര്‍ത്താവിനെ സഹോദരന്‍ വെടിവെച്ച് കൊന്നു.ദില്ലിയില്‍ മീറ്റ് നഗറില്‍ ശനിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. അതിഫ് എന്ന യുവാവിനാണ് ഭാര്യാ സഹോദരന്‍റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.കുടുംബത്തിന്‍റെ ആഗ്രഹത്തിനെതിരായി സഹോദരി അതിഫിനെ വിവാഹം കഴിക്കുകയായിരുന്നെന്നും. ഇതാണ് കൊലപാതകത്തിന് കാരണമെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. 

അതിഫിനെയും സഹോദരിയെയും പ്രശ്നം പറഞ്ഞുതീര്‍ക്കുന്നതിനായി നേരത്തെ തീരുമാനിച്ച പദ്ധതി പ്രകാരം സഹോദരന്‍ അക്രം വിളിക്കുകയായിരുന്നു. സംസാരത്തിന് ശേഷം അതിഫിന് നേരെ വെടിയുതിര്‍ത്ത് യുവാവ് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അതിഫിനെ ഉടനടി ജിറ്റിബി ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തെങ്കിലും മരണപ്പെട്ടു.ഗാസിയാബാദില്‍ വച്ച് ചൊവ്വാഴ്ച അക്രമിനെ പൊലീസ് അറസ്റ്റ് ചെയ്തു.