പ്രതിയും ഭാര്യയും തമ്മില്‍ വഴക്കൊന്നുമുണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും സുഹൃത്ത് പറഞ്ഞു.

ദുബായ്: ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ദുബായില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന കാമറൂണ്‍ സ്വദേശിയാണ് പ്രതി. ഇയാളുടെ ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. 

കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് സംഭവം. താന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ 27കാരനായ പ്രതിയും ഭാര്യയും വീട്ടിലുണ്ടായിരുന്നുവെന്ന് സുഹൃത്ത് മൊഴി നല്‍കി. പിന്നീട് തിരിച്ചുവന്നപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായും കുറച്ച് പേര്‍ വീടിന് മുന്നില്‍ കൂടി നില്‍ക്കുന്നതുമാണ് കണ്ടത്. പ്രതിയെ നേരിട്ടും ഫോണിലും വിളിച്ച് നോക്കിയെങ്കിലും പ്രതികരിച്ചില്ല. മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോള്‍ പ്രതിയുടെ ഭാര്യ രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുന്നതാണ് കണ്ടത്. അകത്ത് വയറ്റില്‍ നിന്ന് രക്തമൊലിക്കുന്ന അവസ്ഥയില്‍ പ്രതിയുമുണ്ടായിരുന്നു. 

അൽ ബർഷ പൊലീസ് ആണ് കേസെടുത്തത്. പ്രതിയും ഭാര്യയും തമ്മില്‍ വഴക്കൊന്നുമുണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും സുഹൃത്ത് പറഞ്ഞു. ഭാര്യയ്ക്ക് പുതിയ ജോലിയുടെ ഇന്റര്‍വ്യൂ അടുത്തിടെ കഴിഞ്ഞിരുന്നു. താന്‍ ബാത്ത് റൂമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ഭാര്യ കത്തി കൈയ്യില്‍ പിടിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട് ദേഷ്യം വന്നപ്പോള്‍ കത്തി പിടിച്ചുവാങ്ങി കുത്തിക്കൊല്ലുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. ഭാര്യയെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയ ശേഷം ഇയാള്‍ വയറ്റില്‍ മുറിവേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആറോളം മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും ചികിത്സയില്‍ ഇയാള്‍ രക്ഷപെടുകയായിരുന്നു. കേസ് വീണ്ടും ഈ മാസം 20ന് പരിഗണിക്കാനായാ കോടതി മാറ്റിവെച്ചു.