സ്വത്തുതര്‍ക്കം; യുവാവും കുടുംബവും ആത്മഹത്യ ചെയ്തു

ദില്ലി: പ്രസാദം കഴിക്കാതെ വീട്ടിലേക്ക് വരില്ലെന്ന് വാശിപ്പിടിച്ചതിനാല്‍ മാത്രമാണ് മൂന്നുവയസ്സുകാരന്‍ റിഷബ് കൂട്ട ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടത്. അമ്മവന്‍റെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പൊഴും ആ കുരുന്നിന് അറിയില്ല, തനിയ്ക്ക് അച്ഛനെയും അമ്മയെയും സഹോദരിയെയും ഇനി ഒരിക്കലും കാണാനാകില്ലെന്ന്. വസ്തു തര്‍ക്കം പരിഹരിക്കാനാകാതെ വന്നതോടെ ഭാര്യയും മക്കളുമൊത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു തെക്കേ ദില്ലി സ്വദേശിയായ വിക്കി.

പിതാവും സഹോദരങ്ങളുമായി മാനസ്സികമായി അകല്‍ച്ചയിലായിരുന്ന വിക്കിയും ഭാര്യ ലളിതയും നേരത്തെ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കുട്ടികള്‍ അടുത്ത വീട്ടിലെ പൂജയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ലളിത മക്കളെ വിളിയ്ക്കാനെത്തിയത്. എന്നാല്‍ പ്രസാദം കഴിക്കാതെ താന്‍ വരില്ലെന്ന് റിഷഭ് വാശിപിടിയ്ക്കുകയായിരുന്നു.

പിന്നീട് വീട്ടിലെത്തിയവര്‍ കണ്ടത് വിക്കിയും ലളിതയും മകളും മരിച്ചുകിടക്കുന്നതാണ്. പിതാവില്‍നിന്ന് സ്വത്തുക്കള്‍ എഴുതി വാങ്ങാന്‍ ഏറെ നാളായി വിക്കി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിതാവ് ഇതിന് വഴങ്ങിയില്ല. ആത്മഹത്യ ചെയ്ത ദിവസം വിക്കിയും അമ്മയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു.

വിക്കിയുടെ ആവശ്യം ഇവരും തള്ളിയതോടെ വിക്കിയും ഭാര്യയും ബഹളമുണ്ടാക്കി തങ്ങളുടെ ഫ്ളാറ്റിലേക്ക് മടങ്ങി. തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. രണ്ട് മക്കളുണ്ടെങ്കിലും അച്ഛനമ്മമാരെ നഷ്ടപ്പെട്ട റിഷഭിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വിക്കിയുടെ മൂത്ത സഹോദരന്‍ രാകേഷ് പറഞ്ഞു. 

photo courtesy: hindustantimes