ലക്‌നൗ: ധീരതയ്‌ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ പതിന്നാലുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. ഉത്തര്‍പ്രദേശില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു കൊലക്കേസിലും മുസാഫര്‍നഗര്‍ കലാപക്കേസിലും പ്രതിയായ റോട്ടാഷ് ബാല്യന്‍ എന്ന നാല്‍പ്പതുകാരനാണ് പിടിയലായത്. 2014 ധീരതയ്‌ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ റിയ ചൗധരിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് റോട്ടാഷ് ബാല്യന്‍. വ്യക്തിപരമായ വൈരാഗ്യത്തെ തുടര്‍ന്ന് റിയയുടെ അച്ഛന്‍ സുരേഷിനെ വെടിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇടയ്‌ക്കു കയറിയ റിയ കൊല്ലപ്പെട്ടത്. തലയ്‌ക്ക് വെടിയേറ്റ റിയ ചൗധരി ഉടന്‍ തന്നെ മരിച്ചിരുന്നു. 2014 മെയ് പത്തിനായിരുന്നു സംഭവം. അതിനുശേഷം ഒളിവിലായിരുന്ന റോട്ടാഷ് ബാല്യന്‍ ഇപ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. ഇയാളെ പിടിക്കാന്‍ പൊലീസ് കിണഞ്ഞുപരിശ്രമിച്ചിരുന്നെങ്കിലും എല്ലാം വിഫലമായിരുന്നു. പ്രതിയെ പിടികൂടാനാകാത്തത് ഉത്തര്‍പ്രദേശ് പൊലീസിന് വലിയ നാണക്കേടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് റോട്ടാഷ് ബാല്യനെ പിടികൂടാനുള്ള ശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടത്. അതേസമയം എവിടെനിന്നാണ് റോട്ടാഷ് ബാല്യനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.