ദേഷ്യം വന്ന അയാള്‍ നീളമുള്ള കത്തി കൊണ്ട് വസീമിന്‍റെ കഴുത്തില്‍ വെട്ടുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ വസീമിനെ ജഗ് പ്രവേശ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
ദില്ലി: നടപ്പാതയില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തി. ഉത്തര ദില്ലിയിലെ ശാസ്ത്രി പാര്‍ക്കില്‍ ഇന്ന് രാവിലെയാണ് സംഭവം. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന വസീം അലവിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നുള്ളത് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വരുണ്‍ എന്നയാള്‍ നടപ്പാതയില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ ആള്‍ വരുണുമായി വഴക്കായി. തുടര്‍ന്ന് കത്തിയുമായി വരുണിനെ കൊലപ്പെടുത്താനായി പാഞ്ഞടുത്തു. ഇതേ സമയം വസീമും രണ്ട് സുഹൃത്തുകളും ഓട്ടോറിക്ഷയില്‍ വരികയായിരുന്നു.
ശാസ്ത്രി പാര്‍ക്കില്‍ നിന്ന് കജൂരിയിലേക്ക് തിരിഞ്ഞപ്പോള്‍ ഓടിയെത്തിയ വരുണ്‍ ഓട്ടോയുടെ മുന്നില്‍പ്പെട്ടു. ഇതോടെ ഡ്രെെവര്‍ ഓട്ടോ നിര്‍ത്തി. താന്‍ മൂത്രമൊഴിക്കുന്നത് കണ്ട് ഒരാള്‍ തന്നെ കൊല്ലാന്‍ വരുന്നതായി വരുണ്‍ അവരോട് പറഞ്ഞു.വരുണ്‍ നന്നായി ഭയപ്പെട്ടിരുന്നതായി അലവിയുടെ സുഹൃത്തായ മുഷ്താഖിമിന്‍റെ മൊഴിയിലുണ്ട്.
തന്നെ രക്ഷിക്കണമെന്നും ലിഫ്റ്റ് നല്‍കണമെന്നും അപേക്ഷിച്ചു. അത് സമ്മതിച്ചതോടെ അയാളും ഓട്ടോയില്‍ കയറി. ഇതിനകം കത്തിയുമായി വന്നയാളും ഓട്ടോയുടെ മുന്നിലെത്തി വരുണിനെ ഇറക്കി വിടണമെന്ന് പറഞ്ഞു. തന്‍റെ കടയുടെ മുന്നിലാണ് വരുണ്‍ മൂത്രമൊഴിച്ചത് എന്ന് ആക്രോശിച്ചായിരുന്നു അയാള്‍ വരുണിനെ ഇറക്കി വിടാന്‍ പറഞ്ഞത്.
ഇതോടെ വസീം പുറത്തിറങ്ങി വരുണ്‍ തന്‍റെ തെറ്റിന് മാപ്പ് പറഞ്ഞല്ലോ, അതുകൊണ്ട് ക്ഷമിക്കാനും പറഞ്ഞു. ഇതില്‍ ദേഷ്യം വന്ന അയാള്‍ നീളമുള്ള കത്തി കൊണ്ട് വസീമിന്‍റെ കഴുത്തില്‍ വെട്ടുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ വസീമിനെ ജഗ് പ്രവേശ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്‍റര്‍ സ്റ്റേറ്റ് ബസില്‍ കണ്ടക്ടറാണ് കൊല്ലപ്പെട്ട വസീം. ഉത്തര ദില്ലിയിലെ വിജയ് വിഹാറില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു താമസം. ഭാര്യ എട്ട് മാസം ഗര്‍ഭണിയാണ്.
