മന്ത്രിസഭയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനം. നവംബര്‍ 25ന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. കോഴിക്കോട് ജില്ലാകളക്ടറാണ് ഇനി തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. 2015 നവംബര്‍ 26നായിരുന്നു രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെയും നൗഷാദിന്റെയും ജീവനെടുത്ത ദുരന്തം കോഴിക്കോട് നഗരത്തില്‍ ഉണ്ടായത്. 

കോഴിക്കോട് നഗരത്തിലെ കണ്ടംകുളം ക്രോസ് റോഡിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ, ശ്വാസംമുട്ടി പിടഞ്ഞ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ച് നൗഷാദിന്റെ ജീവന്‍ പൊലിഞ്ഞത്. സ്വന്തം ജീവന്‍ വകവയ്ക്കാതെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ച നൗഷാദിന്റെ ഭാര്യക്ക് തൊഴില്‍ നല്‍കുമെന്ന് അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കിയില്ല. ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനം നടപ്പിലാകത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് എല്‍ഡിഎഫ് മന്ത്രിസഭ പുറത്തിറക്കിയത്.