യുഡിഎഫ് നേതാക്കൾ മാണിയുടെ വസതിയിൽ പിന്തുണ തേടിയെന്ന് നേതാക്കൾ തീരുമാനം നാളെയെന്ന് മാണി
ആലപ്പുഴ: ചെങ്ങന്നൂരിൽ പിന്തുണ ആർക്കെന്ന കാര്യത്തിൽ പ്രഖ്യാപനം നാളെയെന്ന് കെ.എം മാണി. പാലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ പിന്തുണ തേടി യുഡിഎഫ് നേതാക്കൾ കെ എം മാണിയെ പാലായിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പിന്തുണ യുഡിഎഫിനായിരിക്കുമെന്നാണ് സൂചന.
മാണിയോട് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല പറഞ്ഞു. നാളെ കേരള കോൺണഗ്രസ് എമ്മിന്‍റെ സബ്കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മാണി അറിയിച്ചതായും ചെന്നിത്തല വ്യക്തമാക്കി.
ചരൽക്കുന്നിലെ സമദൂരപ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് യുഡിഎഫ് നേതാക്കൾ പാലായിലെ കെ എം മാണിയുടെ വസതിയിലെത്തിയത്. നാടകീയനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. പി ജെ ജോസഫിന്റെ സമ്മർദ്ദം പാർട്ടി പിളർത്തി വരേണ്ടതില്ലെന്ന സിപിഎം നിലപാട് ഇതൊക്കെ മാണിയെ സമ്മർദ്ദത്തിലാക്കിയപ്പോഴാണ് യുഡിഎഫ് നേതാക്കളുടെ വിളി.
ഉപതെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് മാത്രമാണ് ചർച്ചയെന്നാണ് സൂചന. കേരളകോൺഗ്രസ് നേതാക്കളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, എം എം ഹസ്സൻ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ മാണിയെ കാണാനത്തുകയായിരുന്നു. കെ എം മാണിക്കൊപ്പം ജോസ് കെ മാണി മാത്രമായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
മുന്നണി പ്രവേശനം വേണമെന്നാവശ്യപ്പെട്ടേങ്കിലും ഇക്കാര്യം പിന്നീട് ചർച്ച ചെയ്യുമെന്ന് മാണി. കൂടിക്കാഴ്ചയെ പിന്തുണച്ച് പി ജെ ജോസഫും രംഗത്തെത്തി. ഇനി ഔദ്യോഗികപ്രഖ്യാപനം മാത്രമാണ് ബാക്കി.
