രാത്രി പത്തുമണിയോടെയാണ് ചാത്തന്നൂരുള്ള മഞ്ജുവിന്‍റെ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ശബ്ദം കേട്ട് പുറത്തിറങ്ങിയ മഞ്ജുവിനും കല്ലേറേറ്റെന്നാണ് വിവരം.

കൊല്ലം: ശബരിമല ദർശനം നടത്തിയ യുവതികളിൽ ഒരാളായ കൊല്ലം സ്വദേശി മഞ്ജുവിന്‍റെ വീടിന് നേരെ ആക്രമണം. രാത്രി പത്തുമണിയോടെയാണ് ചാത്തന്നൂരുള്ള മഞ്ജുവിന്‍റെ വീടിന് നേരെ കല്ലേറുണ്ടായത്. വീടിന് നേരെ കല്ലെറിഞ്ഞ ശബ്ദം കേട്ട് പുറത്തിറങ്ങിയ മഞ്ജുവിനും കല്ലേറേറ്റെന്നാണ് വിവരം. തന്‍റെ കഴുത്തിലാണ് കല്ല് വന്നുപതിച്ചതെന്ന് മഞ്ജു പറഞ്ഞു.

ആക്രമണം നടക്കുമ്പോൾ മഞ്ജുവിന്‍റെ സുരക്ഷക്കായി നിയോഗിച്ച രണ്ട് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. മഞ്ജുവിന്‍റെ സമീപം ആൾത്താമസം ഇല്ലാത്ത മറ്റൊരു വീടുണ്ട്. ഈ ഭാഗത്തുനിന്നാണ് കല്ലെറിഞ്ഞത് എന്നാണ് മഞ്ജു പൊലീസിന് നൽകിയ വിവരം. കൂടുതൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ശബരിമല ദർശനം നടത്തിയതിന് ശേഷം തനിക്ക് ഭീഷണികളുണ്ടെന്ന് മഞ്ജു നേരത്തേ വെളിപ്പെടുത്തിയിരുന്നു. രൂപമാറ്റം വരുത്തി ശബരിമല ദർശനം നടത്തുന്നതിന് മുമ്പും മഞ്ജു ശബരിമല ദർശനം നടത്താൻ ശ്രമിച്ചിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതിന് പിന്നാലെയും മഞ്ജുവിന്‍റെ വീട് ആക്രമിക്കപ്പെട്ടിരുന്നു.