ദില്ലി: പൊതു വേദികളിൽ പ്രസം​ഗിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ദില്ലിയിൽ കോൺ​ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ‘ഫേബിള്‍സ് ഓഫ് ഫ്രാക്ചേഡ് ടൈംസ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളെല്ലാം തന്നെ താഴ്ന്ന നിലവാരമാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലക്ക് മോദി വേണ്ടത്ര നിയന്ത്രണം പാലിക്കേണ്ടതുണ്ട്. ബിജെപി ഭരിക്കാത്ത മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ പോകുമ്പോൾ  ഭാഷയിൽ നിയന്ത്രണം പാലിക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്- മന്‍മോഹന്‍ സിങ് പറഞ്ഞു. കോൺ​ഗ്രസ് ഒരിക്കലും മറ്റ് പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് യാതൊരു വേർതിരിവും കാണിച്ചിട്ടില്ലെന്നും ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയാണ് മോദിയെന്നും അതു കൊണ്ടു തന്നെ തന്റെ ഉത്തരവാദിത്വ ബോധവും ഔചിത്യവും അദ്ദേഹം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും മന്‍മോഹന്‍ സിങ് നരേന്ദ്ര മോദിയെ ഓര്‍മ്മിപ്പിച്ചു.

രണ്ട് ദിവസം മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ സംഘടിപ്പിച്ച പരിപാടിക്കിടെ നെഹ്റു-ഗാന്ധി കുടുംബത്തിനെതിരെ മോദി ആരോപണമുന്നയിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹട്ടാവോ' എന്ന മുദ്രാവാക്യം വ്യാജമാണെന്നും ബാങ്ക് ദേശസാത്കരണം പാവപ്പെട്ടവന്റെ പേരിൽ നടത്തിയ തട്ടിപ്പാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.'നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നാല് തലമുറകൾ രാജ്യം ഭരിച്ചു. ഈ കാലഘട്ടങ്ങളിൽ ജനങ്ങളെ വഞ്ചിക്കാൻ കിട്ടിയ അവസരങ്ങൾ ഒന്നും തന്നെ അവർ പാഴാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.