പനജി: മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടെക്കും. ചെറുപാര്‍ട്ടികളുടെ പിന്തുണയോടെയാണ് പരീക്കര്‍ കേവല ഭൂരിപക്ഷത്തിനുവേണ്ട ഇരുപത്തിയൊന്നെന്ന മാന്ത്രികസഖ്യ തികച്ചത്. വൈകുന്നേരം അഞ്ചേകാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ത ചടങ്ങുകള്‍. എംജിപി അധ്യക്ഷന്‍ സുധിന്‍ ധാവ്ലിങ്കര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും ജിഎഫ്‌പി നിയമസഭാകക്ഷിനേതാവ് വിജയ് സര്‍ദേശായി ആഭ്യന്തര മന്ത്രിയാകുമെന്നുമാണ് റിപ്പോര്‍ട്ട്.
ബിജെപി ഭരണം ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ചില എംഎല്‍എമാര്‍ രാജിവെച്ച് മറുചേരിയില്‍ ചേരാന്‍ സാധ്യതയുണ്ട്.അതേസമയം, പരീക്കര്‍ക്കൊപ്പം പോയ എംഎല്‍എമാര്‍ക്കെതിരെ ഗോവയില്‍ ജനവികാരം ശക്തമാവുകയാണ്. ബിജെപിക്ക് എതിരെ മത്സരിച്ച് പ്രചാരണം നടത്തിയാണ് കോണ്‍ഗ്രസ് വിമതരുടെ പാര്‍ട്ടിയായ ജിഎഫ്‌പി മൂന്ന് സീറ്റില്‍ ജയിച്ചത്. എന്നിട്ടും ജിഎഫ്‌പി എംഎല്‍എമാര്‍ പരീക്കറെ പിന്തുണയ്‌ക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ പ്രഭാഗര്‍ തിംബ്ലെ രാജിവെച്ചു.
ജിഎഫ്‌പി എംഎല്‍മാര്‍ക്കെതിരെ അവരുടെ മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും തോറ്റിട്ടും അധികാരത്തിലെത്താന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ ജനാധിപത്യത്തിന് നാണക്കേടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിനെകാള്‍ നാല് എംഎല്‍മാര്‍ കുറവായിരുന്നിട്ടുകൂടി എംജിപി, ജഎഫ്‌പി എന്നീ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഗോവയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയത്.
