ലക്നോ: ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയുടെ പേര് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതായി സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയ്‌ക്കു ശേഷമാണ് ബിജെപി ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയെ വൈകിട്ട് അറിയാം എന്നുമാത്രമാണ് കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചത്. കേന്ദ്ര നിരീക്ഷകരായ വെങ്കയ്യ നായിഡു, ഭുപേന്ദ്ര യാദവ് എന്നിവര്‍ രാവിലെ ലക്നൗവില്‍ എത്തി. ഇപ്പോള്‍ പ്രചരിക്കുന്ന പേരുകള്‍ ഊഹാപോഹം മാത്രമാണെന്നാണ് വെങ്കയ്യ നായിഡു പറഞ്ഞത്. അതേസമയം, മനോജ് സിന്‍ഹയുടെ പേര് കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതായി യുപിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സിന്‍ഹയ്‌ക്ക് ലക്നൗവിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു.

തുടര്‍ന്ന് കേശവ് പ്രസാദ് മൗര്യയ്‌ക്കും യോഗി അതിഥ്യനാഥിനും അനുകൂലമായി മുദ്രാവാക്യം മുഴക്കി അവരുടെ അണികള്‍ ലക്നൗവിലെ ബിജെപി ആസ്ഥാനത്ത് എത്തിയത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത വെളിപ്പെടുത്തി. നാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചു പൂട്ടാനും ചെറുകിട കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാനുമുള്ള തീരുമാനം പ്രഖ്യാപിക്കും. അറവുശാലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം ഹിന്ദുത്വ അജണ്ടയായി വ്യഖ്യാനിക്കരുതെന്ന് അമിത് ഷാ ഒരു ഹിന്ദിമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.