ദില്ലി: ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികളിൻമേൽ കെ പരാശരനും വി ഗിരിക്കും ശേഷം മനു അഭിഷേക് സിംഗ്‍വിയാണ് സുപ്രീം കോടതിയിൽ ഹാജരായത്. വിഗ്രഹത്തിന്റെ സ്വഭാവപ്രകാരമുള്ള നിയന്ത്രണം മാത്രമാണ് ശബരിമലയിൽ ഏർപ്പെടുത്തുന്നതെന്നായിരുന്നു മനു അഭിഷേക് സിങ്‍വിയുടെ വാദം. അതിൽ ഏതെങ്കിലുമൊരു വിഭാഗത്ത ഒഴിവാക്കുന്നതായി  കണക്കാക്കാനാകില്ല.അയ‌്യപ്പന്റെ നൈഷ്ടിക ബ്രഹ്മചര്യം വിശ്വാസമാണ്. അതിനെ ഭരണഘടനയുടെ ധാർമികത വെച്ച് അളന്നുനോക്കാനാകില്ല. യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല ക്ഷേത്രമാണെണെന്നും സിംഗ് വി ഭരണഘടനാ ബെഞ്ചിന് മുന്നിൽ വാദിച്ചു.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനുവേണ്ടിയാണ് മനു അഭിഷേക് സിംഗ്‍വി ഹാജരായത്. മനു അഭിഷേക് സിം‍ഗ്‍വി മുമ്പ് ശബരിമല കേസിൽ ദേവസ്വം ബോർഡിനുവേണ്ടി ഹാജരായതുകൊണ്ട് പുനഃപരിശോധനാ ഹർജിയിൽ അദ്ദേഹം ഹാജരാകുന്നതിനെ ദേവസ്വം ബോർഡ് അഭിഭാഷകൻ എതിർത്തു. എന്നാൽ താൻ ഒരു വ്യക്തിക്കുവേണ്ടിയാണ് ഹാജരാകുന്നതെന്ന് അദ്ദേഹം അറിയിച്ചു. മനു അഭിഷേക് സിംഗ്‍വി ഹാജരാകുന്നതിനെ കോടതി എതിർത്തില്ല.

ശബരിമലയിലെ വിശ്വാസമായ അയ്യപ്പന്‍റെ 'നൈഷ്ഠിക ബ്രഹ്മചര്യം' ഊന്നിപ്പറഞ്ഞായിരുന്നു മനു അഭിഷേക് സിംഗ്‍വിയുടെ വാദം. ഹിന്ദുമതത്തിലെ പല ദൈവങ്ങളെ പല തരത്തിലാണ് ആരാധിക്കുന്നതെന്നും പ്രത്യേക പ്രത്യേകതയുള്ള ആരാധനാ സ്വഭാവങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശം വിശ്വാസികൾക്കുണ്ടെന്നും മനു അഭിഷേക് സിം‍ഗ്‍വി ചൂണ്ടിക്കാട്ടി. നൈഷ്ഠിക ബ്രഹ്മചര്യം വിഗ്രഹത്തിന്‍റെ അവകാശമാണെന്ന് വി ഗിരി നേരത്തേ ചൂണ്ടിക്കാട്ടിയത് മനു അഭിഷേക് സിംഗ്‍വിയും ആവർത്തിച്ചു. വിഗ്രഹത്തിന്‍റെ സ്വഭാവത്തിന് അനുസരിച്ചാണ് ആരാധനാ രീതികൾ. ഭരണഘടനാ ധാർമ്മികതയുമായി അതിനെ തുല്യപ്പെടുത്തി കാണരുതെന്ന് മനു അഭിഷേക് സിംഗ്‍വി ആവർത്തിച്ചു.

തൊട്ടുകൂടായ്മ വിലക്കുന്ന ഭരണഘടനയുടെ പതിനേഴാം അനുച്ഛേദം ശബരിമലയിൽ യുവതികൾക്ക് ഉള്ള വിലക്കിനോട് ചേർത്തുകാണരുതെന്നും മനു അഭിഷേക് സിംഗ്‍വി പറഞ്ഞു. ശബരിമലയിലെ വിലക്ക് ജാതിയുടെ അടിസ്ഥാനത്തിലല്ല. വിഗ്രഹത്തിന്‍റെ സ്വഭാവപ്രകാരമുള്ള നിയന്ത്രണം മാത്രമാണ് ശബരിമലയിൽ ഏർപ്പെടുത്തുന്നത്. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ കൂട്ടിവായിച്ചേ പൗരൻമാരുടെ അവകാശങ്ങൾ നിർണ്ണയിക്കാനാകൂ എന്നും മനു അഭിഷേക് സിം‍ഗ്‍വി പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചര്യം എന്ന വാക്ക് ശക്തമായി പരാമർശിച്ച് വിധി എഴുതിയത് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണെന്നും മറ്റ് ന്യായാധിപർ ആരും അത് കാര്യമായി കണക്കിലെടുത്തില്ലെന്നും അദ്ദേഹം വാദിച്ചു.