തൃപുരയിൽ സിപിഎമ്മിന് നേരെ അക്രമം തുടരുന്നു

First Published 6, Mar 2018, 7:06 PM IST
many CPM alleges people injured in post poll violence in Tripura
Highlights
  • തൃപുരയിൽ സിപിഎമ്മിന് നേരെ അക്രമം തുടരുന്നു
  • ലെനിന്‍റെ പ്രതിമ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു
  • ബിജെ.പിക്കും ഐ.പി.എഫ്ടിക്കുംഇടയിൽ തര്‍ക്കം
  • ബിപ്ളവ് കമാര് ദേബ് മുഖ്യമന്ത്രിയാകും
  • സത്യപ്രതിജ്ഞ ഈമാസം 9ന്

അഗര്‍ത്തല: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക അക്രമം തുടരുന്നു. ദക്ഷിണ ത്രിപുരയിൽ ലെനിന്‍റെ പ്രതിമ തകര്‍ത്തു. ഇതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പുതന്നെ ബിജെപിക്കും ഐപിഎഫ്റ്റിക്കും ഇടയിൽ തർക്കം രൂക്ഷമാവുകയാണ്.  

ബി.‍ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയിച്ചതിന് തൊട്ടുപിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട തൃപുരയിൽ സിപിഎം ഓഫീസുകൾക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആരംഭിച്ച അക്രമങ്ങൾ മൂന്നാംദിവസവും തുടരുകയാണ്. അക്രമങ്ങളിൽ അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. 134 പാര്‍ടി ഓഫീസുകൾ അഗ്നിക്കിരയാക്കി. ഇരുനൂറിലധികം പാര്‍ടി ഓഫീസുകൾ പിടിച്ചെടുത്തു. രണ്ടായിരത്തിലധികം വീടുകൾ തകര്‍ത്തു. അക്രമങ്ങളെ തുടര്‍ന്ന് പലയിടത്തും പാര്‍ടി പ്രവര്‍ത്തകര്‍ വീടുകളിൽ നിന്ന് പുറത്തിറങ്ങൻ കഴിയാതെ കുടുറങ്ങി കിടക്കുകയാണ്. ദക്ഷിണ തൃപുരയിലാണ് ജെ.സി.ബി ഉപയോഗിച്ച് ലെനിന്‍റെ പ്രതിമ തകര്‍ത്തത്.  

അക്രമം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ തൃപുര ഗവര്‍ണറോടും ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. സിപിഎമ്മിന് നേരെ നടക്കുന്ന അക്രമത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി അപലപിച്ചു. ഇതിനിടെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിനുള്ളിൽ സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പുതന്നെ ഭിന്നത രൂക്ഷമായി. ആദിവാസി വിഭാഗത്തിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ഐപി.എഫ്.ടിയുടെ ആവശ്യം തള്ളി ബംഗാളി വിഭാഗത്തിൽ നിന്നുള്ള ബിപ്ളവ് കുമാര്‍ ദേബിനെ മുഖ്യമന്ത്രിയാക്കാനാണ് ബി.ജെ.പി തീരുമാനം. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ഐ.പി.എഫ്.ടിയുടെ ആവശ്യവും ബി.ജെ.പി തള്ളി. ഒറ്റക്ക് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ഐ.പി.എഫ്.ടി സഖ്യം ഉപേക്ഷിക്കുക എന്നത് തന്നെയാണ് ബി.ജെ.പി നീക്കത്തിന് പിന്നിലെന്നാണ് സൂചന. ഈമാസം ഒമ്പതാണ് തൃപുരയിലെ ആദ്യ ബി.ജെ.പി മന്ത്രിസഭ അധികാരമേൽക്കുക.

loader