സൗദിയില്‍ നിന്നും ജോലി നിര്‍ത്തി മടങ്ങുന്ന വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു

റിയാദ്: സൗദിയില്‍ നിന്നും ജോലി നിര്‍ത്തി മടങ്ങുന്ന വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ പകുതിയിലധികം കുറഞ്ഞതായി റിപ്പോര്‍ട്ട്‌ പറയുന്നു. ഒമ്പത് ലക്ഷത്തിലേറെ നിയമലംഘകര്‍ അഞ്ചു മാസത്തിനിടയില്‍ പിടിയിലായി.

സൗദിയില്‍ നിന്ന് ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം വിദേശികള്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്നു പാസ്പോര്‍ട്ട്‌ വിഭാഗം വെളിപ്പെടുത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 8,11,000 വിദേശികള്‍ മടങ്ങി. പുതിയ സ്വദേശീവല്‍ക്കരണ പദ്ധതികള്‍, വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തുടങ്ങിയ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടവരും, ചെലവ് താങ്ങാനാകാതെ സ്വയം മടങ്ങുന്നവരും കൂട്ടത്തിലുണ്ട്. 

ഈ വര്‍ഷം ആദ്യത്തെ നാല് മാസം പന്ത്രണ്ട് ലക്ഷം വിദേശികള്‍ മാത്രമാണ് എക്സിറ്റ് റീ-എന്ട്രി വിസയില്‍ നാട്ടിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് മുപ്പത് ലക്ഷമായിരുന്നു. അതേസമയം നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയില്‍ ഇതുവരെ928,857 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് കാമ്പയിന്‍ ആരംഭിച്ചത്. 

674,033 താമസ നിയമലംഘകരും, 177,230 തൊഴില്‍ നിയമലംഘകരും, 77,594 അതിര്‍ത്തി സുരക്ഷാ നിയമലംഘകരും പിടിയിലായി. അതിര്‍ത്തി വഴി സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ 13,468 പേര്‍ പിടിയിലായി. യമനികളും എത്യോപ്യക്കാരുമാണ് ഇതില്‍ കൂടുതലും. വിവിധ കേസുകളില്‍ പോലീസ് തിരയുന്ന 21,374 പ്രതികളും ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി മന്ത്രാലയം വെളിപ്പെടുത്തി. 3726 ആയുധങ്ങളും പരിശോധനകളില്‍ കണ്ടെത്തി.