കോടഞ്ചേരി മുറമ്പാത്തിയില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവര്‍ച്ച നടന്നത്. 74കാരനായ അഗസ്റ്റിനും ഭാര്യ ഗ്രേസിയുമാണ് വീട്ടിലുണ്ടായിരുന്നത്. മുഖമൂടിയണിഞ്ഞെത്തിയ ഒരാള്‍ കോളിങ് ബെല്ലടിക്കുകയും വാതില്‍ തുറന്നതോടെ രണ്ടുപേര്‍ അകത്തേക്ക് ഇരച്ച് കയറുകയുമായിരുന്നു. ഒരാള്‍ അഗസ്റ്റിനു നേരെ തോക്കു ചൂണ്ടുകയും രണ്ടാമന്‍ ഗ്രേസിയുടെ കഴുത്തില്‍ കത്തി വെക്കുകയും ചെയ്തു. മല്‍പിടുത്തത്തിനൊടുവില്‍ മോഷ്‌ടാക്കള്‍ അഗസ്റ്റിനെ കീഴ്‌പെടുത്തി കൈകാലുകള്‍ കെട്ടിയ ശേഷം വായ മൂടിക്കെട്ടി.

അഗസ്റ്റിന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ മാലയും ഗ്രേസിയുടെ കയ്യിലുണ്ടായിരുന്ന നാല് പവന്റെ വളകളും കൈക്കലാക്കി. ഗ്രേസിയുടെ താലി മാല നല്‍കണമെന്നാവശ്യപ്പെട്ട് ഏറെ നേരം വീട്ടില്‍ കറങ്ങിയ സംഘം തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും അരി നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇരുവരെയും മുറിയില്‍ അടച്ച ശേഷം രണ്ട് മൊബൈല്‍ ഫോണുകളും കൈക്കലാക്കിയാണ് മോഷ്‌ടാക്കള്‍ സ്ഥലം വിട്ടത്. വീട്ടിലേക്കുള്ള  ഫോണും വിഛേദിച്ചിരുന്നു. ഒടുവില്‍ ഗ്രേസി മുറി തുറന്ന്  മോഷ്‌ടാക്കളുടെ കയ്യില്‍ പെടാത്ത  മൊബൈല്‍ ഫോണില്‍ നിന്നും ബന്ധുക്കളെ വിവരം അറിയിക്കുകകയായിരുന്നു. താമരശ്ശേരി ഡി.വൈ.എസ്.പി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിനുള്ളില്‍ നിന്ന് മണം പിടിച്ച് പുറത്തേക്കോടിയ പോലീസ് നായ 200 മീറ്ററോളം അകലെ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച പേഴ്‌സും മൊബേല്‍ ഫോണും കണ്ടെടുത്തു. കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.